മരണ വാറന്റ് ഉടന്‍ പുറപ്പെടുവിക്കണം; നിര്‍ഭയയുടെ മാതാവിന്റെ ഹര്‍ജി 18ലേക്കു മാറ്റി

മരണ വാറന്റ് ഉടന്‍ പുറപ്പെടുവിക്കണം; നിര്‍ഭയയുടെ മാതാവിന്റെ ഹര്‍ജി 18ലേക്കു മാറ്റി
മരണ വാറന്റ് ഉടന്‍ പുറപ്പെടുവിക്കണം; നിര്‍ഭയയുടെ മാതാവിന്റെ ഹര്‍ജി 18ലേക്കു മാറ്റി

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് മരണ വാറന്റ് പുറപ്പെടുവിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി 18-ാം തീയതിലേക്കു മാറ്റി. നിര്‍ഭയയുടെ മാതാവ് ആശാദേവിയാണ് വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

വധശിക്ഷ പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്, ശിക്ഷിക്കപ്പെട്ട അക്ഷയ് കുമാര്‍ സിങ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജി 17ന് പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് നിര്‍ഭയയുടെ മാതാവിന്റെ ഹര്‍ജി മാറ്റിയത്.

മരണ വാറന്റ് ഉടന്‍ പുറപ്പെടുവിക്കണമെന്നും നാലു പേരുടെയും വധശിക്ഷ നടപ്പാക്കണമെന്നുമാണ് അഡീഷനല്‍ സെന്‍ഷസ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആശാദേവി ആവശ്യപ്പെട്ടിട്ടുള്ളത്. ''ഏഴു വര്‍ഷം പോരാടിയ തങ്ങള്‍ക്ക് ഒരാഴ്ച കൂടി കാത്തിരിക്കാനാവുമെന്ന്'' ആശാദേവി പ്രതികരിച്ചു. ഡിസംബര്‍ 18ന് നാലുപേരുടെയും മരണവാറന്റ് പുറപ്പെടുവിക്കുക തന്നെ ചെയ്യുമെന്ന് അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 

അക്ഷയ് കുമാര്‍ സിങ്ങ് സമര്‍പ്പിച്ച ഹര്‍ജി 17ന് ഉച്ചയ്ക്ക് രണ്ടിനാണ് കോടതി പരിഗണിക്കുക. കേസില്‍ വധശിക്ഷ ഉടന്‍ തന്നെ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നുവരുന്നതിനിടെ, കഴിഞ്ഞദിവസമാണ് അക്ഷയ്കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ മറ്റു മൂന്ന് പ്രതികളുടെ പുനഃ പരിശോധന ഹര്‍ജി സുപ്രീംകോടതി തളളിയിരുന്നു. 

2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ വെച്ച് 23 കാരിയായ പാരമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പ്രതികള്‍ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. 2013 സെപ്റ്റംബര്‍ 13ന് കൊലപാതക കേസില്‍ അക്ഷയ് കുമാര്‍ സിങ്ങ് ഉള്‍പ്പെടെ നാലുപ്രതികള്‍ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചു. വിചാരണ കോടതിയുടെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതിയും അന്തിമമായി സുപ്രീംകോടതിയും ശരിവെച്ചു.

2017 മെയ് അഞ്ചിനാണ് വിചാരണ കോടതി വിധിക്കെതിരായ നാലുപ്രതികളുടെ അപ്പീല്‍ സുപ്രീംകോടതി തളളിയത്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും സമൂഹമനസാക്ഷിക്ക് മുറിവേറ്റ സംഭവമാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. തുടര്‍ന്ന് വിധിയില്‍ പുനഃപരിശോധ ആവശ്യപ്പെട്ടാണ് അക്ഷയ് കുമാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. പ്രതിക്ക് വേണ്ടി അഭിഭാഷകന്‍ ഡോ എ പി സിങ്ങാണ് കോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com