പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭം : താല്‍പര്യമില്ലാത്തവര്‍ ഉത്തര കൊറിയയിലേയ്ക്ക് പോകണമെന്ന് മേഘാലയ ഗവര്‍ണര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th December 2019 10:49 AM  |  

Last Updated: 14th December 2019 10:49 AM  |   A+A-   |  

 

ഷില്ലോങ്: പൗരത്വ ബില്ലിനെതിരെ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ വിവാദ പ്രസ്താവനയുമായി മേഘാലയ ഗവര്‍ണര്‍. ജനാധിപത്യത്തില്‍ ഭിന്നത അത്യാവശ്യമാണ്. അതില്‍ താല്‍പര്യമില്ലാത്തവര്‍ വടക്കന്‍ കൊറിയയിലേയ്ക്ക് പോകണമെന്ന് മേഘാലയാ ഗവര്‍ണര്‍ തഥാഗതാ റോയി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് മേഘാലയാ ഗവര്‍ണറുടെ വിവാദ പ്രസ്താവന.

വിവാദങ്ങള്‍ ഉയരുന്ന ഇപ്പോഴത്തെ സാഹചര്യത്തിലും കാര്യങ്ങള്‍ ഒരിക്കലും കാണാതിരിക്കരുത്. ഒന്ന് ഒരു കാലത്ത് രാജ്യം മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടു. രണ്ട്, ജനാധിപത്യത്തില്‍ ഭിന്നിപ്പ് അത്യാവശ്യമാണ്. നിങ്ങള്‍ക്ക് അത് താല്‍പ്പര്യമില്ലെങ്കില്‍ ഉത്തര കൊറിയയിലേക്ക് പോകുക.  അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

പ്രതിഷേധക്കാര്‍ രാജ്ഭവന്‍ കവാടത്തിന് മുന്നില്‍ എത്തുന്നതിന് മുമ്പാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

സംസ്ഥാനത്തിന് പുറത്തുള്ളവര്‍ സംസ്ഥാനത്തേക്ക് പ്രവേശിക്കുമ്പോള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം എന്ന നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അനുമതി നല്‍കണമെന്നും സംസ്ഥാനത്ത് ലൈന്‍ പെര്‍മിറ്റ് നടപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.