ആധാറും പാൻകാർഡും പൗരത്വ രേഖയല്ല; അനധികൃത കുടിയേറ്റത്തിന് യുവതിക്ക് തടവുശിക്ഷ  

ആധാർ പാൻകാർഡ് വസ്തു ഇടപാട് രേഖ എന്നിവ പൗരത്വം തെളിയിക്കാനുള്ള രേഖയായി പരി​ഗണിക്കില്ലെന്ന് കോടതി
ആധാറും പാൻകാർഡും പൗരത്വ രേഖയല്ല; അനധികൃത കുടിയേറ്റത്തിന് യുവതിക്ക് തടവുശിക്ഷ  

മുംബൈ: ആധാർ കാർഡ് ഉണ്ടെങ്കിലും ബംഗ്ലദേശി സ്വദേശികൾക്ക് അത് ഇന്ത്യൻ പൗരത്വം തെളിയിക്കാനുള്ള രേഖയാകില്ലെന്ന് മുംബൈ കോടതി. പാസ്പോർട്ട് ഇല്ലാതെ ഇന്ത്യയിൽ തങ്ങുന്നവർ അനധികൃത കുടിയേറ്റക്കാരാണെന്നു പറഞ്ഞ മുംബൈ മജിസ്ട്രേട്ട് കോടതി അനധികൃതമായി ഇന്ത്യയിൽ താമസിച്ചതിന് അറസ്റ്റിലായ ബംഗ്ലാദേശ് യുവതിക്ക് ഒരുവർഷം തടവുശിക്ഷ വിധിച്ചു. 

മുംബൈയ്ക്കടുത്ത് ദഹിസറിൽ താമസിക്കുന്ന ജ്യോതി ഗാസി എന്ന തസ്‌ലിമ റോബിയുളി (35) യ്ക്കാണ് കോടതി തടവുശിക്ഷ വിധിച്ചത്.  അവരുടെ കൈവശമുള്ള ആധാർ പൗരത്വരേഖയായി കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശിക്ഷാവിധി. ആധാർ, പാൻകാർഡ്, വസ്തു ഇടപാട് രേഖ എന്നിവ  പൗരത്വം തെളിയിക്കാനുള്ള രേഖയായി പരി​ഗണിക്കില്ലെന്നാണ് കോടതി പറഞ്ഞത്. പൗരത്വം തെളിയിക്കുന്നതിന് ജനനസ്ഥലവും മാതാപിതാക്കളുടെ ജനനസ്ഥലവും ചിലപ്പോൾ അവരുടെ മാതാപിതാക്കളുടെ ജനനസ്ഥലവും ഏതാണെന്ന് വ്യക്തമാക്കേണ്ടിവരും. ഇത്തരം കേസുകളിൽ താൻ വിദേശിയല്ലെന്ന് തെളിയിക്കാനുള്ള ബാധ്യത പ്രതിക്കാണെന്നും കോടതി പറഞ്ഞു. 

പശ്ചിമബംഗാൾ സ്വദേശിയാണെന്നും 15 വർഷമായി മുംബൈയിൽ താമസിക്കുകയാണെന്നും തസ്‌ലിമ അവകാശപ്പെട്ടെങ്കിലും അത് തെളിയിക്കാൻ കഴിഞ്ഞില്ല. അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശുകാരിയാണ് തസ്‌ലിമ എന്ന പ്രോസിക്യൂഷന്റെ വാദം അം​ഗീകരിച്ച കോടതി സ്ത്രീയാണെന്ന പരിഗണന നൽകേണ്ടതില്ലെന്നും തീരുമാനിച്ചു. ഇവർക്ക് ശിക്ഷയ്ക്ക് ഇലവ് നൽകിയാൽ അതൊരു തെറ്റായ കീഴ്വഴക്കത്തിന് തുടക്കമിടുമെന്നും അത് രാജ്യരക്ഷയെത്തന്നെ അപകടത്തിൽപ്പെടുത്തുമെന്നും കോടതി അഭിപ്രായപ്പെട്ടു.

ശിക്ഷാ കാലാവധി കഴിഞ്ഞാൽ തസ്ലീമയെ ബംഗ്ലാദേശിലേക്ക് തിരിച്ചയയ്ക്കണമെന്നും കോടതി പറഞ്ഞു. 2009 ജൂൺ എട്ടിന് ദഹിസർ ഈസ്റ്റിലെ ചേരിയിൽനിന്ന് കസ്റ്റ‍‍ഡിയിലായ 17 പേരിൽ ഒരാളാണ് തസ്ലിമ. 17 പേർക്കെതിരായും കേസെടുത്തെങ്കിലും തസ്‌ലിമയെ മാത്രമേ വിചാരണ ചെയ്യാൻ കഴിഞ്ഞുള്ളൂ. മറ്റുള്ളവർ ഒളിവിൽപ്പോയി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com