പൗരത്വ ബില്ലില്‍ പുകഞ്ഞ് അസം രാഷ്ട്രീയം ; നിരവധി ബിജെപി നേതാക്കള്‍ പാര്‍ട്ടി വിട്ടു ; സഖ്യസര്‍ക്കാരിലും ഭിന്നത

പൗരത്വ ബില്ലില്‍ പുകഞ്ഞ് അസം രാഷ്ട്രീയം ; നിരവധി ബിജെപി നേതാക്കള്‍ പാര്‍ട്ടി വിട്ടു ; സഖ്യസര്‍ക്കാരിലും ഭിന്നത

ബ്രഹ്മപുത്ര താഴ്‌വരയില്‍ പൗരത്വ നിയമം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്ന് സ്പീക്കര്‍ ഹിതേന്ദ്രനാഥ് ഗോസ്വാമി

ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതിക്കെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമാകുന്നതിനിടെ, സംഘര്‍ഷമുണ്ടായ അസമില്‍ രാഷ്ട്രീയരംഗത്തും ഭിന്നത രൂക്ഷമാകുന്നു. അസമിലെ ഭരക്ഷകക്ഷികളായ ബിജെപിയിലും അസം ഗണപരിഷത്തിലുമാണ് അഭിപ്രായ ഭിന്നത ഉടലെടുത്തത്. ബില്ലില്‍ പ്രതിഷേധിച്ച് നിരവധി സംസ്ഥാന നേതാക്കള്‍ പാര്‍ട്ടി വിട്ടതും ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.

നിയമത്തിനെതിരെയുള്ള ജനരോഷം മനസ്സിലാക്കാന്‍ സര്‍ക്കാറിന് സാധിച്ചില്ലെന്ന് നേതാക്കള്‍ പറയുന്നു. പൗരത്വ നിയമം നടപ്പാക്കുന്നത് സംസ്ഥാനത്ത് സമുദായങ്ങള്‍ക്കിടയില്‍ വെറുപ്പിനും വിദ്വേഷത്തിനും ഇടയാക്കും. ബ്രഹ്മപുത്ര താഴ്‌വരയില്‍ പൗരത്വ നിയമം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്നും സ്പീക്കര്‍ ഹിതേന്ദ്രനാഥ് ഗോസ്വാമി ആവശ്യപ്പെട്ടു.

പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന ബിജെപി നേതാവും അസം പെട്രോകെമിക്കല്‍ ലിമിറ്റഡ് ചെയര്‍മാനുമായ ജഗദീഷ് ഭുയന്‍ പാര്‍ട്ടി അംഗത്വവും ബോര്‍ഡ് സ്ഥാനവും രാജിവെച്ചിരുന്നു. 'പൗരത്വനിയമം അസം ജനതയ്‌ക്കെതിരാണ്. അതുകൊണ്ട് ഞാന്‍ രാജിവെക്കുന്നു. ഞാനും നിയമത്തിനെതിരെ ജനങ്ങള്‍ക്കൊപ്പം രംഗത്തിറങ്ങും.'രാജിവെച്ച ശേഷം അദ്ദേഹം പറഞ്ഞു.

അസമിലെ പ്രശസ്ത നടനും അസം സിനിമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജതിന്‍ ബോറയും രവി ശര്‍മ്മയും ബി ജെ പി വിട്ടു. 'അസം ജനതയാണ് എന്നെ ഞാനാക്കിയത്. എന്റെ ജനതക്ക് വേണ്ടി ഞാന്‍ സ്ഥാനങ്ങള്‍ രാജിവെക്കുകയാണ്' ജതിന്‍ ബോറ പറഞ്ഞു. മുന്‍ സ്പീക്കര്‍ പുലകേഷ് ബറുവയും ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു. ജമുഗുരിഹട്ട്, പദ്മ ഹസാരിക മണ്ഡലങ്ങളിലെ ബിജെപി എംഎല്‍എമാരും രാജിവെക്കുമെന്ന് അറിയിച്ചു.

സഖ്യകക്ഷിയായ അസം ഗണ പരിഷത്തില്‍ നിന്നും പ്രവര്‍ത്തകരും നേതാക്കളും രാജിവെച്ചു. അനധികൃത കുടിയേറ്റത്തിനെതിരെ പോരാടിയാണ് അസമില്‍ പാര്‍ട്ടി വളര്‍ന്നത്. അതുകൊണ്ട് ഇപ്പോള്‍ സര്‍ക്കാറിന്റെ ഭാഗമായ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് നേതാക്കള്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com