ഫാസ്ടാഗ് നടപ്പാക്കുന്നത് ഒരു മാസത്തേയ്ക്ക് കൂടി നീട്ടി; ദേശീയ പാത അതോറിറ്റിയുടെ ഉത്തരവ് 

ടോള്‍ പ്ലാസകളിലെ ഗതാഗത കുരുക്ക് കണക്കിലെടുത്താണ് ദേശീയ പാത അതോറിറ്റിയുടെ ഉത്തരവ്
ഫാസ്ടാഗ് നടപ്പാക്കുന്നത് ഒരു മാസത്തേയ്ക്ക് കൂടി നീട്ടി; ദേശീയ പാത അതോറിറ്റിയുടെ ഉത്തരവ് 

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നടപ്പാക്കുന്നത് ഒരു മാസത്തേയ്ക്ക് കൂടി നീട്ടി. ടോള്‍ പ്ലാസകളിലെ ഗതാഗത കുരുക്ക് കണക്കിലെടുത്താണ് ദേശീയ പാത അതോറിറ്റിയുടെ ഉത്തരവ്.

ടോള്‍ പ്ലാസകളില്‍ നാളെ മുതല്‍ ഫാസ്ടാഗ് സംവിധാനം നടപ്പാക്കാനാണ് ദേശീയ പാത അതോറിറ്റി തീരുമാനിച്ചിരുന്നത്. ടോള്‍ പിരിവ് ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറ്റുന്നതിനും ടോള്‍ ബൂത്തുകളിലെ നീണ്ട ക്യൂ ഒഴിവാക്കുന്നതിനുമുളള പുതിയ പരിഷ്‌കാരമാണ് ഫാസ്ടാഗ്. എന്നാല്‍ ടോള്‍ പ്ലാസകളിലെ ഗതാഗത കുരുക്ക് മനസ്സിലാക്കിയ ദേശീയ പാത അതോറിറ്റി ഫാസ്ടാഗ് നടപ്പാക്കുന്നത് നീട്ടുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഫാസ്ടാഗ് ഉടന്‍ നടപ്പാക്കുന്നത് പ്രായോഗികമല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫാസ്ടാഗ് സംവിധാനം പൂര്‍ണതോതില്‍ നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സമയം നീട്ടിയത്. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് ദേശീയ പാത അതോറിറ്റി നിര്‍ദേശം നല്‍കി.

ഫാസ്ടാഗ് സംവിധാനം നടപ്പാക്കാന്‍ ഒരു ദിവസം മാത്രം അവശേഷിക്കേ, 75 ശതമാനം വാഹനങ്ങളും ഇതിലേക്ക് മാറിയിട്ടില്ല. അതുകൊണ്ട് തന്നെ ഇത് മുന്‍നിശ്ചയപ്രകാരം നാളെ തന്നെ നടപ്പാക്കുന്നത് ടോള്‍ പ്ലാസകളില്‍ നിരവധി പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ദേശീയ പാത അതോറിറ്റി വിലയിരുത്തി. വന്‍ ഗതാഗതകുരുക്കിനും മറ്റു ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും ഇത് ഇടയാക്കുമെന്ന് കണക്കുകൂട്ടിയാണ് ദേശീയ പാത അതോറിറ്റി ഫാസ്ടാഗ് സംവിധാനം നടപ്പാക്കുന്നത് ഒരു മാസത്തേയ്ക്ക് കൂടി നീട്ടിയത്. പതിവായി ടോള്‍ പ്ലാസകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ ഒട്ടുമിക്കതും ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറിയിട്ടില്ല എന്നതും സമയപരിധി നീട്ടാന്‍ പ്രേരണയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com