മമത അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു; ബം​ഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം; ബിജെപി

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന അക്രമ സംഭവങ്ങള്‍ തുടര്‍ന്നാല്‍ പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടേണ്ടി വരുമെന്ന് ബിജെപി
മമത അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു; ബം​ഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം; ബിജെപി

കൊല്‍ക്കത്ത: പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന അക്രമ സംഭവങ്ങള്‍ തുടര്‍ന്നാല്‍ പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടേണ്ടി വരുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാഹുല്‍ സിന്‍ഹ. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രീണന നയങ്ങളാണ് സ്ഥിതിഗതികള്‍ ഇത്തരത്തില്‍ എത്തിയതിന് പിന്നിലെന്നും സിൻഹ കുറ്റപ്പെടുത്തി. അക്രമം വ്യാപിക്കുന്നത് തടയാനുള്ള നടപടികള്‍ മമത ബാനര്‍ജി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞു കയറിയവരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നിൽ. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനെ ബിജെപി അനുകൂലിക്കുന്നില്ല. എന്നാല്‍ മറ്റൊരു മാര്‍ഗവും ഇല്ലെങ്കില്‍ അത് ഏര്‍പ്പെടുത്താന്‍ ബിജെപിക്ക് ആവശ്യപ്പെടേണ്ടി വരും.

അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത മമത പ്രസംഗങ്ങളിലൂടെ അക്രമം പ്രോത്സാഹിപ്പിക്കുകയാണ്. ഇവിടെയുള്ള സമാധാനം ആഗ്രഹിക്കുന്ന മുസ്‌ലിം വിഭാഗങ്ങളല്ല അക്രമം നടത്തുന്നത്. ബംഗ്ലാദേശില്‍ നിന്നുള്ള മുസ്‌ലിം നുഴഞ്ഞു കയറ്റക്കാരാണ് ഇവയ്‌ക്കെല്ലാം പിന്നില്‍. അക്രമം നടത്തരുതെന്നും പൊതുമുതല്‍ നശിപ്പിക്കരുതെന്നുമുള്ള മമതയുടെ പ്രസ്താവന പതിവ് പല്ലവി മാത്രമാണെന്നും ബിജെപി നേതാവ് ആരോപിച്ചു. സംസ്ഥാനം കത്തിയെരിയുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാഴ്ചക്കാരനെപ്പോലെ ഇരിക്കുകയാണെന്നും അദ്ദേഹം കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com