മാപ്പു പറയാന്‍ എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല; ക്ഷമ പറയേണ്ടത് മോദിയും അമിത് ഷായും; ആഞ്ഞടിച്ച് രാഹുല്‍

സത്യം തുറന്നുപറഞ്ഞതിന് താന്‍ മാപ്പുപറയില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
മാപ്പു പറയാന്‍ എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല; ക്ഷമ പറയേണ്ടത് മോദിയും അമിത് ഷായും; ആഞ്ഞടിച്ച് രാഹുല്‍

ന്യൂഡല്‍ഹി:  സത്യം തുറന്നുപറഞ്ഞതിന് താന്‍ മാപ്പുപറയില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാപ്പു പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല. രാഹുല്‍ ഗാന്ധി എന്നാണെന്നും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഇന്നലെ പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിയിരുന്നു. എന്നാല്‍ മാപ്പുപറയില്ല എന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്. റാലിയില്‍ നിലപാട് ആവര്‍ത്തിക്കുകയാണ് രാഹുല്‍ ചെയ്തത്.

'നിങ്ങള്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പുപറയണമെന്നാണ് ഇന്നലെ പാര്‍ലമെന്റില്‍ ബിജെപി ആവശ്യപ്പെട്ടത്. ശരിയായ കാര്യങ്ങള്‍ പറഞ്ഞതിന് മാപ്പുപറയണമെന്നാണ് എന്നോട് ആവശ്യപ്പെട്ടത്. എന്നാല്‍ മാപ്പുപറയാന്‍ എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല. രാഹുല്‍ ഗാന്ധി എന്നാണ്. സത്യം പറഞ്ഞതിന് ഞാന്‍ മാപ്പുപറയില്ല'- രാഹുല്‍ ഗാന്ധി പറഞ്ഞു.

'കോണ്‍ഗ്രസില്‍ നിന്നും ആരും മാപ്പുപറയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മാപ്പുപറയേണ്ടത്. അദ്ദേഹം രാജ്യത്തോട് മാപ്പുപറയണം. അദ്ദേഹത്തിന്റെ സഹായി അമിത ഷായും മാപ്പുപറയണം. എന്തിനാണ് മാപ്പുപറയേണ്ടത് എന്ന് നിങ്ങളോട് ഞാന്‍ പറഞ്ഞുതരാം'

'രാജ്യത്തിന്റെ മൊത്തം ആഭ്യന്തര വളര്‍ച്ചാനിരക്ക് നാലു ശതമാനമായി താഴ്ന്നിരിക്കുകയാണ്. ജിഡിപി നിര്‍ണയിക്കുന്നതിനുളള രീതികളില്‍ ബിജെപി മാറ്റം വരുത്തിയതിനെ തുടര്‍ന്നാണ് ഇത്രയെങ്കിലും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയത്. അല്ലാത്തപക്ഷം വളര്‍ച്ചാനിരക്ക് കേവലം 2. 5 ശതമാനമാണ്.'- രാഹുല്‍ പറഞ്ഞു.

രാജ്യത്തെ ഇഷ്ടപ്പെടുന്നുവെങ്കില്‍ മിണ്ടാതിരിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. നിങ്ങള്‍ ശബ്ദം ഉയര്‍ത്തിയില്ലായെങ്കില്‍ ഭയത്തിന്റെയും നുണയുടെയും ഇരുട്ടില്‍ നില്‍ക്കേണ്ടി വരുമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com