സവര്‍ക്കര്‍ ആന്‍ഡമാനില്‍ പീഡനം അനുഭവിച്ചത് 12വര്‍ഷം; രാഹുലിന് 12മണിക്കൂര്‍ പോലും അത് സാധിക്കില്ല; ദേവേന്ദ്ര ഫഡ്‌നാവിസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th December 2019 10:14 PM  |  

Last Updated: 14th December 2019 10:14 PM  |   A+A-   |  

 

മുംബൈ: സത്യം പറഞ്ഞതിന് മാപ്പു പറയാന്‍ തന്റെ പേര് സവര്‍ക്കര്‍ എന്നല്ല എന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് എതിരെ ബിജെപി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. രാഹുലിന്റെ പ്രസ്താവന അപമാനകരമാണെും സവര്‍ക്കറിനെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് ഒന്നുമറിയില്ലായിരിക്കാം എന്നും ഫഡ്‌നാവിസ് പറഞ്ഞു. 

'സവര്‍ക്കര്‍ ആന്റമാന്‍ ജയിലിലെ സെല്ലുകളില്‍ 12വര്‍ഷം പീഡനം അനുഭവിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്ക് 12 മണിക്കൂര്‍ പോലും അത് സാധിക്കില്ല. ഗാന്ധി എന്നത് പേരിനൊപ്പം ചേര്‍ത്തതുകൊണ്ടുമാത്രം ഗാന്ധിയാകില്ല'- ഫഡ്‌നാവിസ് പറഞ്ഞു. 

'റേപ്പ് ഇന്‍ ഇന്ത്യ' പരാമര്‍ശത്തിന്റെ പേരില്‍ മാപ്പു പറയണം എന്നുള്ള ബിജെപിയുടെ ആവശ്യത്തോട് പ്രതികരിക്കവെയായിരുന്നു ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കി ജയില്‍ മോചിതനായ സവര്‍ക്കറെ രാഹുല്‍ പരാമര്‍ശിച്ചത്. മാപ്പു പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല. രാഹുല്‍ ഗാന്ധി എന്നാണെന്നും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നിങ്ങള്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പുപറയണമെന്നാണ് ഇന്നലെ പാര്‍ലമെന്റില്‍ ബിജെപി ആവശ്യപ്പെട്ടത്. ശരിയായ കാര്യങ്ങള്‍ പറഞ്ഞതിന് മാപ്പുപറയണമെന്നാണ് എന്നോട് ആവശ്യപ്പെട്ടത്. എന്നാല്‍ മാപ്പുപറയാന്‍ എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല. രാഹുല്‍ ഗാന്ധി എന്നാണ്. സത്യം പറഞ്ഞതിന് ഞാന്‍ മാപ്പുപറയില്ല' രാഹുല്‍ ഗാന്ധി പറഞ്ഞു.