പ്രതിഷേധം കനക്കുന്നു; പശ്ചിമ ബംഗാളിലും ഇന്‍റർനെറ്റ് നിരോധനം

പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് നടപടി
പ്രതിഷേധം കനക്കുന്നു; പശ്ചിമ ബംഗാളിലും ഇന്‍റർനെറ്റ് നിരോധനം

കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ കനത്ത പ്രതിഷേധം നടക്കുന്ന പശ്ചിമ ബംഗാളിലെ അഞ്ച് ജില്ലകളിൽ ഇന്‍റർനെറ്റ് നിരോധിച്ചു. പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് നടപടി. നിരോധനം എത്ര ദിവസത്തേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല. മാൾഡ, മുർഷിദാബാദ്, ഉത്തർ ദിനാജ് പൂർ, ഹൗറ ജില്ലകളിലും നോർത്ത് പർഗാനാസ് ജില്ലയിലെ ബരാസാത്, ബസിർഹട്ട് സബ് ഡിവിഷനുകളിലും സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബാരുയ് പൂർ, കാനിംഗ് സബ് ഡിവിഷനുകളിലുമാണ് ഇന്‍റർനെറ്റ് സേവനം നിരോധിച്ചിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധം കലാപ സമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഇന്‍റർനെറ്റ് സേവനം റദ്ദാക്കുന്നത്. ചില വർഗീയ ശക്തികൾ സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ സംഘ‍ടിച്ച് കലാപം അഴിച്ചു വിടാൻ ശ്രമിക്കുന്നെന്ന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഈ സാഹചര്യത്തിൽ ഇന്‍റർനെറ്റ് നിരോധിക്കുകയല്ലാതെ മറ്റൊരു വഴിയില്ലെന്നും സർക്കാർ വ്യക്തമാക്കി.

നേരത്തെ മുർഷിദാബാദ് ജില്ലയിലെ ലാൽഗൊല റയിൽവേസ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന അഞ്ച് തീവണ്ടികൾ സമരക്കാർ കത്തിച്ചിരുന്നു. ഇതിന് പിന്നാലെ തൊട്ടടുത്തുള്ള കൃഷ്ണഗഞ്ച് റെയിൽവേ സ്റ്റേഷനിലെ ഒരു ട്രെയിനിനും സമരക്കാർ തീയിട്ടു. കൊൽക്കത്തയ്ക്ക് തൊട്ടടുത്തുള്ള ഹൗറ സ്റ്റേഷനടുത്ത് നിർത്തിയിട്ടിരുന്ന 15 ബസുകളാണ് സമരക്കാർ കത്തിച്ചത്.

അക്രമങ്ങളെ തുടർന്ന് കിഴക്കൻ റെയിൽവേ ഈ പ്രദേശം വഴി കടന്ന് പോകുന്ന തീവണ്ടികളെല്ലാം റദ്ദാക്കുകയും വഴി തിരിച്ച് വിടുകയും ചെയ്തു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ദേഗംഗയിലും, ആംദംഗയിലും, ഖർദ - കല്യാണി എക്സ്പ്രസ് വേയിലും, ഭിർഭും, മുർഷിദാബാദ് ജില്ലകളിലും റോഡ് ഗതാഗതം തട‌ഞ്ഞു.

ഇതേത്തുടർന്ന് അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇവിടങ്ങളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളും കോൺഗ്രസ് നേതാക്കളും സമാധാന യാത്രകൾ സംഘടിപ്പിച്ച് വരികയാണ്. മമതാ ബാനർജി സമരക്കാരോട് സമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com