ബിജെപിക്ക് തിരിച്ചടി; പൗരത്വ നിയമ ഭേദഗതിക്കെതിരെ ഘടകകക്ഷിയും സുപ്രീംകോടതിയിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th December 2019 10:57 AM  |  

Last Updated: 15th December 2019 10:57 AM  |   A+A-   |  

 

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി അസമില്‍ ബിജെപി സഖ്യ സര്‍ക്കാരില്‍ ഭിന്നത. പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് ബിജെപിയുടെ ഘടകകക്ഷിയായ അസം ഗണപരിഷത്ത് സുപ്രീംകോടതിയെ സമീപിക്കും. മുതിര്‍ന്ന നേതാക്കളുമായുളള ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഏറ്റവുമധികം പ്രതിഷേധം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് അസം. അസമില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രക്ഷോഭത്തില്‍ അഞ്ചുപേരാണ് മരിച്ചത്. ജനങ്ങള്‍ നിയമത്തിനെതിരെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ബിജെപിയില്‍ നിന്നും വ്യത്യസ്ത നിലപാടുമായി അസം ഗണപരിഷത്ത് രംഗത്തുവന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിന് പുറമേ, പ്രധാനമന്ത്രി നരേന്ദ്രമോദി , ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്താനും അസം ഗണപരിഷത്ത് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.  നിലവില്‍ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ അസം ഗണപരിഷത്തിന് മൂന്ന് മന്ത്രിമാരുണ്ട്.

പാര്‍ലമെന്റില്‍ പൗരത്വ നിയമ ഭേദഗതി ബില്ലിനെ അനുകൂലിക്കുന്ന നിലപാടാണ് അസം ഗണപരിഷത്ത് സ്വീകരിച്ചത്. ഇത് പാര്‍ട്ടിയില്‍ തന്നെ പൊട്ടിത്തെറിക്ക് ഇടയാക്കിയിട്ടുണ്ട്. നിരവധി പ്രമുഖ നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതായി കഴിഞ്ഞദിവസങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ട്.