ഭര്‍ത്താവിന്റെ വീട്ടുകാരെ മയക്കി കിടത്തി; നവവധു ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങളും പണവുമായി മുങ്ങി, വഞ്ചിക്കുമെന്ന് കരുതിയില്ലെന്ന് ഭര്‍ത്താവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th December 2019 01:03 PM  |  

Last Updated: 15th December 2019 01:35 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

ലക്നൗ: ഭര്‍ത്താവിന്റെ വീട്ടുകാരെ മയക്കി കിടത്തി വീട്ടിലെ പണവും ആഭരണങ്ങളുമായി നവവധു മുങ്ങി. 70,000 രൂപയും മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളുമായാണ് യുവതി കടന്നുകളഞ്ഞത്. ഡിസംബര്‍ ഒന്‍പതിനായിരുന്നു വിവാഹം.

ഉത്തര്‍പ്രദേശ് ബദ്വാനിലെ ഛോട്ടാപരാ ഗ്രാമത്തിലാണ് സംഭവം. പ്രവീണ്‍ എന്നയാളുടെ ഭാര്യ റിയയാണ് കഴിഞ്ഞദിവസം പണവും ആഭരണങ്ങളുമായി കടന്നുകളഞ്ഞത്. വെള്ളിയാഴ്ച രാത്രിയാണ് റിയ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കിയത്. ശനിയാഴ്ച രാവിലെ വീട് പരിശോധിച്ചപ്പോള്‍ 70,000 രൂപയും സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടതായി ഭര്‍ത്താവിന്റെ വീട്ടുകാരുടെ പരാതിയില്‍ പറയുന്നു.

പ്രവീണ്‍-റിയ വിവാഹത്തിന് ഇടനിലക്കാരനായിരുന്ന ടിങ്കു എന്നയാളെയും സംഭവദിവസം മുതല്‍ കാണാതായിട്ടുണ്ട്. പ്രവീണിന്റെയും റിയയുടെയും വിവാഹം നടത്തിയത് ടിങ്കുവായിരുന്നു എന്നും ഇയാളെയും കഴിഞ്ഞദിവസം മുതല്‍ കാണാനില്ലെന്നും പൊലീസ് പറഞ്ഞു. ഇരുവരെയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

റിയയുടേത് ദരിദ്ര കുടുംബമാണെന്ന് പറഞ്ഞ് ടിങ്കു നേരത്തെ പണം വാങ്ങിയിട്ടുണ്ടെന്നും പ്രവീണിന്റെ മാതാപിതാക്കള്‍ക്ക് പരാതിയുണ്ട്. വിവാഹ ആഭരണങ്ങള്‍ക്കായാണ് ഈ പണം വാങ്ങിയത്. അതേസമയം, ഒരിക്കലും ഭാര്യ ഇങ്ങനെ വഞ്ചിക്കുമെന്ന് കരുതിയില്ലെന്നായിരുന്നു പ്രവീണിന്റെ പ്രതികരണം.