നാലുമാസത്തിനുള്ളില്‍ രാമക്ഷേത്രം; പ്രഖ്യാപനവുമായി അമിത് ഷാ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th December 2019 03:25 PM  |  

Last Updated: 16th December 2019 03:27 PM  |   A+A-   |  

amith_sha

 

ന്യൂഡല്‍ഹി: അടുത്ത നാലുമാസത്തിനിടെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അയോധ്യാ കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായത് ചരിത്രവിധിയാണെന്നും അദ്ദേഹം പറഞ്ഞു.   ജാര്‍ഖണ്ഡിലെ ഒരു തെരഞ്ഞടുപ്പ് റാലിക്കിടെ സംസാരിക്കുകയായിരുന്നു അമിത് ഷാ.

അയോധ്യ കേസിലെ നവംബര്‍ 9ലെ വിധി ചോദ്യം ചെയ്തുകൊണ്ടുള്ള പുനപരിശോധനാ ഹര്‍ജികള്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള 18 ഹര്‍ജികളും തള്ളിയത്.

രാമക്ഷേത്രനിര്‍മ്മാണത്തിന് ജാര്‍ഖണ്ഡിലെ ഓരോ വീട്ടുകാരും പതിനൊന്ന് രൂപയും ഒരു കല്ലും നല്‍കണമെന്ന് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. രാമക്ഷേത്ര നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കും. രാമരാജ്യത്തിന്റെ ഗുണഫലം എല്ലാവര്‍ക്കും ലഭിക്കും. അവിടെ യാതൊരു വിവേചനങ്ങളും ഉണ്ടാവില്ല. ദളിതരെന്നോ, സ്ത്രീകളെന്നോ, യുവാക്കളെന്നോ തുടങ്ങിയ ഒരു തരത്തിലുള്ള വിവേചനങ്ങളും ഇല്ലാത്ത ഒരു ഇടമാണ് രാമരാജ്യമെന്നും അദ്ദേഹം പറഞ്ഞു.

ജാര്‍ഖണ്ഡിലെ നാലാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് അമിത് ഷാ ജാര്‍ഖണ്ഡിലെത്തിയത്. നാലാംഘട്ടതെരഞ്ഞെടുപ്പ് ഡിസംര്‍ 16നാണ്. അഞ്ചാംഘട്ടം ഡിസംബര്‍ 20നും. ഡിസംബര്‍ 23ന് ഫലമറിയാം.