സവര്‍ക്കര്‍ തൊപ്പിയുമായി ബിജെപി എംഎല്‍എമാര്‍ നിയമസഭയില്‍; രാഹുലിനെതിരെ പ്രതിഷേധം തുടരുന്നു 

മഹാരാഷ്ട്ര നിയമസഭയിലെ ശൈത്യകാല സമ്മേളനത്തിലാണ് നാഗ്പൂര്‍ എംഎല്‍എമാര്‍ സവര്‍ക്കര്‍ തൊപ്പി ധരിച്ച് സഭയിലെത്തിയത്.
സവര്‍ക്കര്‍ തൊപ്പിയുമായി ബിജെപി എംഎല്‍എമാര്‍ നിയമസഭയില്‍; രാഹുലിനെതിരെ പ്രതിഷേധം തുടരുന്നു 

മുംബൈ; രാഹുല്‍ സവര്‍ക്കറല്ലെന്ന രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശത്തിനെതിരെ ബിജെപി പ്രതിഷേധം തുടരുന്നു. സവര്‍ക്കര്‍ തൊപ്പി ധരിച്ചാണ് ബിജെപി എംഎല്‍എമാര്‍ നിയമസഭയിലെത്തിയത്. മഹാരാഷ്ട്ര നിയമസഭയിലെ ശൈത്യകാല സമ്മേളനത്തിലാണ് നാഗ്പൂര്‍ എംഎല്‍എയുള്‍പ്പടെയുള്ളവര്‍ സവര്‍ക്കര്‍ തൊപ്പി ധരിച്ച് സഭയിലെത്തിയത്. രാഹുല്‍ ഗാന്ധിയ്ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് തൊപ്പി ധരിച്ചതെന്ന് നാഗ്പൂര്‍ എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.

രാഹുലിന്റെ പരാമര്‍ശത്തിന് പിന്നാലെ ശിവസേന നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. പരാമര്‍ശം തളളിയ ശിവസേന  സവര്‍ക്കര്‍ മഹാനായ നേതാവാണെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. വീര്‍ സവര്‍ക്കറെ കോണ്‍ഗ്രസ് അപമാനിക്കരുത്, പകരം ബഹുമാനിക്കണമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും എങ്ങനെ രാജ്യത്തിന് വേണ്ടി നിലകൊണ്ടുവോ അതുപോലെ സവര്‍ക്കറും നിലകൊണ്ടിട്ടുണ്ടെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. പണ്ഡിറ്റ് നെഹ്‌റുവിനെയും മഹാത്മാ ഗാന്ധിയെയും ഞങ്ങള്‍ മാനിക്കുന്നു. ഇക്കാര്യത്തില്‍ ബുദ്ധിയുള്ള ആളുകള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞു കൊടുക്കേണ്ടതില്ല. മഹാരാഷ്ട്രയ്ക്ക് മാത്രമല്ല, ഈ രാജ്യത്തിന് തന്നെ ദേവനാണ് സവര്‍ക്കര്‍. അദ്ദേഹത്തിന്റെ പേര് ദേശ സ്‌നേഹത്തിനും ആത്മാഭിമാനത്തിനും ഒപ്പം എഴുതിച്ചേര്‍ക്കപ്പെട്ടതാണ്. നെഹ്‌റുവിനും ഗാന്ധിക്കും ഒപ്പം അദ്ദേഹം സ്വന്തം ജീവിതം സ്വാതന്ത്ര്യത്തിനായി ഉഴിഞ്ഞു വച്ചതാണ്. അത്തരം ദേവന്‍മാരെ ബഹുമാനിക്കണമെന്നായിരുന്നു ശിവസേനയുടെ പ്രതികരണം. 

'റേപ്പ് ഇന്‍ ഇന്ത്യ' പരാമര്‍ശത്തിന്റെ പേരില്‍ മാപ്പു പറയണം എന്നുള്ള ബിജെപിയുടെ ആവശ്യത്തോട് പ്രതികരിക്കവെയായിരുന്നു ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കി ജയില്‍ മോചിതനായ സവര്‍ക്കറെ രാഹുല്‍ പരാമര്‍ശിച്ചത്. മാപ്പു പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല. രാഹുല്‍ ഗാന്ധി എന്നാണെന്നും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com