എത്രത്തോളം എതിര്‍ക്കാമോ അത്രയുമാവാം; എന്തുവന്നാലും പൗരത്വ നിയമം നടപ്പാക്കും: അമിത് ഷാ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th December 2019 07:50 PM  |  

Last Updated: 17th December 2019 07:50 PM  |   A+A-   |  

 


ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എത്ര എതിര്‍ത്താലും നിയമം നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നിയമത്തെ എത്രത്തോളം എതിര്‍ക്കാമോ അത്രയും എതിര്‍ക്കാം. എന്നാലും നിയമവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. എന്തുവന്നാലും പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന റാലിയിലായിരുന്നു അമിത് ഷായുടെ പ്രസ്താവന. 

പ്രതിപക്ഷ പാര്‍ട്ടികള്‍ വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു. ആരുടെയും പൗരത്വം നഷ്ടപ്പെടില്ല. നിയമം നടപ്പാക്കുന്നത് എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടാക്കിയ നെഹ്‌റു-ലിയാഖത്ത് കരാറിന്റെ അടിസ്ഥാനത്തിലാണ്. കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. 

അതേസമയം, പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യ തലസ്ഥാനത്ത് പ്രതിഷേധം വീണ്ടും അക്രമത്തില്‍ കലാശിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ബാദിലും വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.  പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തെരുവില്‍ ഇറങ്ങിയത്. സീലംപൂരില്‍ ബസിന് തീയിട്ട പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലേറ് നടത്തി. സ്വകാര്യ ബസ് ഉള്‍പ്പെടെ രണ്ട് ബസുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. സീലാംപൂരിലും ഗോകുല്‍പുരിലും മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു. ജഫ്രാബാദ്, ബാബര്‍പൂര്‍ മെട്രോ സ്‌റ്റേഷനുകളുടെ ഗേറ്റുകളും പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചതായി ഡിഎംആര്‍സി അറിയിച്ചു.

സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പൊലീസ് ലാത്തി ചാര്‍ജ് നടത്തിയതായും റിപ്പോര്‍ട്ട് ഉണ്ട്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.ഡ്രോണ്‍ സംവിധാനമുപയോഗിച്ച് പൊലീസ് സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്.ആദ്യ അരമണിക്കൂര്‍ സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തിയ ഇവര്‍ പിന്നീട് അക്രമാസക്തരാവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പൗരത്വ നിയമഭേദഗതിക്ക് എതിരെ വിദ്യാര്‍ത്ഥി സമരം ശക്തമായ പശ്ചാത്തലത്തില്‍ മദ്രാസ് സര്‍വകലാശാല അടച്ചു. അടുത്ത തിങ്കളാഴ്ച വരെ സര്‍വകലാശാലയ്ക്ക് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഹോസ്റ്റലുകള്‍ ഒഴിയണമെന്നാണ് നിര്‍ദേശം. എന്നാല്‍ പ്രതിഷേധം തുടരുമെന്നും ക്യാമ്പസ് വിട്ടു പുറത്തുപോകില്ലെന്നും വിദ്യാര്‍ത്ഥികല്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥി സമരം തുടരുന്ന പശ്ചാത്തലത്തില്‍ പൊലീസ് ക്യാമ്പസിനുള്ളില്‍ പ്രവേശിച്ചു. വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് മാറ്റിയേക്കും.