യുവതിയെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന നിലയില്‍; കത്തിക്കരിഞ്ഞ 35കാരിയുടെ മൃതദേഹം കടിച്ചുതിന്ന് പട്ടിക്കൂട്ടം, അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th December 2019 01:25 PM  |  

Last Updated: 17th December 2019 01:25 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

ഭോപ്പാല്‍: മധ്യപ്രദേശില്‍ പാതിവെന്ത സ്ത്രീയുടെ മൃതദേഹം പട്ടികള്‍ കൂട്ടത്തോടെ കടിച്ചുതിന്നുന്ന നിലയില്‍. 35 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീ കൊല്ലപ്പെട്ടതാണ് എന്ന നിഗമനത്തിലാണ് പൊലീസ്. കൊലപാതകത്തിന് മുന്‍പ് സ്ത്രീ ബലാത്സംഗത്തിന് ഇരയായതായും പൊലീസ് സംശയിക്കുന്നു.

മധ്യപ്രദേശിലെ ബിലാസ്പൂരിലാണ് നാടിനെ നടുക്കിയ സംഭവം. തിങ്കളാഴ്ച രാവിലെ കൂട്ടിയിട്ടിരിക്കുന്ന വയ്‌ക്കോല്‍ കൂനയില്‍ പട്ടികള്‍ കൂട്ടത്തോടെ മൃതദേഹം കടിച്ചുതിന്നുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പാതിവെന്ത നിലയിലായിരുന്നു മൃതദേഹം. ശരീരാവിശിഷ്ടങ്ങള്‍ ചിതറിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സ്ത്രീ കൊല്ലപ്പെട്ടിട്ട് രണ്ട് ദിവസമായതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ത്രീയെ തിരിച്ചറിഞ്ഞ പൊലീസ് ഇവര്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്ന് വ്യക്തമാക്കി. വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമിസംഘം പുറത്തേയ്ക്ക് വലിച്ചിഴച്ച് സ്ത്രീയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്ത്രീയെ തിരിച്ചറിയാതിരിക്കാന്‍ അക്രമിസംഘം തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. ബലാത്സംഗത്തിന് ഇരയായോ എന്ന് വിദഗ്ധ അന്വേഷണത്തിലൂടെ മാത്രമേ തെളിയിക്കാന്‍ സാധിക്കൂവെന്നും പൊലീസ് പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.