'ഇത് ഗുരുതരമായ അവസ്ഥ; രാജ്യം മുഴുവന്‍ വ്യാപിക്കാന്‍ ഇട'; രാഷ്ട്രപതിയെ കണ്ട് ആശങ്ക പങ്കുവച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

ജനങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സോണിയ 
'ഇത് ഗുരുതരമായ അവസ്ഥ; രാജ്യം മുഴുവന്‍ വ്യാപിക്കാന്‍ ഇട'; രാഷ്ട്രപതിയെ കണ്ട് ആശങ്ക പങ്കുവച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്ക് പിന്നാലെ രാജ്യത്ത് നിലനില്‍ക്കുന്നത് ഗുരുതരമായ സാഹചര്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇത് രാജ്യം മുഴുവന്‍ വ്യാപിക്കാന്‍ ഇടയുണ്ടെന്ന് സോണിയ പറഞ്ഞു. വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സോണിയ.

മോദി സര്‍ക്കാര്‍ ജനങ്ങളെ വെടിവയ്ക്കുകയാണ്. ജനങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സോണിയ പറഞ്ഞു. ഈ നിയമം പിന്‍വലിക്കണമെന്ന് ഞങ്ങള്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനയുടെ ആദ്യത്തെ സംരക്ഷകനാണ് രാഷ്ട്രപതി. അതുകൊണ്ട് ഭരണഘടന വിരുദ്ധമായ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 

ജാമിയ മിലിയ സര്‍വകാലാശാലയിലെ പൊലീസ് അതിക്രമത്തെ കുറിച്ച് ജ്യൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. വസ്തുതകള്‍ പുറത്തുവരുന്നതിന് ജ്യുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. ഡല്‍ഹിയിലെ പൊലീസിനെ ബിജെപി ചട്ടുകമായി ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു. 

കോണ്‍ഗ്രസ്, സിപിഎം, സിപിഐ, രാഷ്ട്രീയ ജനതാദള്‍, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടിയുടെ പ്രതിനിധികളാണ് രാഷ്ട്രപതിയെ കണ്ടത്.  പശ്ചിമബംഗാള്‍, കേരളം, പഞ്ചാബ് സംസ്ഥാനങ്ങളില്‍ പൗരത്വനിയമ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിമാരായ മമത ബാനര്‍ജി, പിണറായി വിജയന്‍, അമരീന്ദര്‍ സിങ് എന്നിവര്‍ വ്യക്തമാക്കിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com