ഓക്‌സ്‌ഫോര്‍ഡ് മുതല്‍ ഹാര്‍വാര്‍ഡ് വരെ; ഇന്ത്യയിലെ പൊരുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ലോക സര്‍വകലാശാലകള്‍

പൗരത്വ നിയമഭേദഗതിക്ക് എതിരെ സമരം ചെയ്ത ജാമിയ മിലിയ, അലിഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തില്‍ രാജ്യത്തിന് പുറത്തുള്ള സര്‍വകലാശാലകളിലും പ്രതിഷേധം.
ഡല്‍ഹിയില്‍ തുടരുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം/ ചിത്രം: പിടിഐ
ഡല്‍ഹിയില്‍ തുടരുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം/ ചിത്രം: പിടിഐ

പൗരത്വ നിയമഭേദഗതിക്ക് എതിരെ സമരം ചെയ്ത ജാമിയ മിലിയ, അലിഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തില്‍ രാജ്യത്തിന് പുറത്തുള്ള സര്‍വകലാശാലകളിലും പ്രതിഷേധം. ഓക്‌സഫോര്‍ഡ്, ഹാര്‍വാര്‍ഡ്, എംഐടി അടക്കമുള്ള പ്രശസ്ത സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തി. 

ജാമിയ, അലിഗഢ് വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അമേരിക്കയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്ന് 400ഓളം വിദ്യാര്‍ത്ഥികള്‍ സംയുക്ത പ്രസ്താവനയിറക്കി. ഹാര്‍വാര്‍ഡ്, കൊളംബിയ, സ്റ്റാന്‍ഡ്‌ഫോര്‍ഡ് തുടങ്ങിയ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളാണ്  പ്രസ്താവനയിറക്കിയത്. ഭരണഘടനാലംഘനവും മനുഷ്യത്വരഹിതവുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന പൊലീസ് ലാത്തി ചാര്‍ജെന്ന് പ്രസ്താവനയില്‍ പറയുന്നു. 

ഓക്‌സ്‌ഫോര്‍ഡിലെ വിദ്യാര്‍ത്ഥികള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൗസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സര്‍വകലാശാലകള്‍ക്കുള്ളില്‍ പ്രതിഷേധിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശമാണ് പൊലീസിനെ ഉപയോഗിച്ച നശിപ്പിക്കാന്‍ ശ്രമിച്ചതെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. 

നീതികെട്ടതും ഭരണഘടനാവിരുദ്ധവുമായ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ക്ക് എല്ലാത്തരം പിന്തുണയും പ്രഖ്യാപിക്കുന്നുവെന്നും നിയമം പിന്‍വലിക്കണമെന്നും ഓക്‌സ്‌ഫോര്‍ഡ് വിദ്യാര്‍ത്ഥികള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

പ്രതിഷേധക്കാര്‍ രാജ്യത്തിന്റെ മതേതരത്വത്തിന് വേണ്ടിയാണ് പോരാടുന്നതെന്ന് ഹാര്‍വാര്‍ഡിലെ വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

ജനാധിപത്യ രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങള്‍ തകര്‍ക്കുന്ന നടപടിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് എന്ന് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പ്രക്ഷോഭകാരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാര്‍ച്ചും യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്നുണ്ട്. 

എംഐടിയിലെ വിദ്യാര്‍ത്ഥികള്‍ മൗനപ്രതിഷേധ മാര്‍ച്ചാണ് സംഘടിപ്പിച്ചത്. ഹാപ്പി ക്രിസ്മസ്, ഹാപ്പി ന്യൂ ഇയര്‍ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ച്. 

ഫിന്‍ലന്‍ഡിലെ ടൈപെയറില്‍ അസമിലെ നെല്ലി കൂട്ടക്കൊലയെക്കുറിച്ചുള്ള 'what the fileds remember' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com