മുഖ്യമന്ത്രിയുടെ നിര്‍ദേശം; ജാമിയ, അലിഗഢ് വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യമൊരുക്കി കേരള ഹൗസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th December 2019 04:32 PM  |  

Last Updated: 17th December 2019 04:37 PM  |   A+A-   |  


 
ന്യൂഡല്‍ഹി: ജാമിയ മിലിയ, അലിഗഢ് മുസ്‌ലിം സര്‍വകലാശാലകളിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യമൊരുക്കി ഡല്‍ഹി കേരള ഹൗസ്. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ നടന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് സര്‍വകലാശാലകള്‍ അടച്ചിടുകയും ഹോസ്റ്റലുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുയും ചെയ്ത സാഹചര്യത്തിലാണ് നടപടി. 

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യമൊരുക്കിയതെന്ന് കേരള ഹൗസ് കണ്‍ട്രോളര്‍ ഗംഗാധരന്‍ വ്യക്തമാക്കി. 

പെണ്‍കുട്ടികളടക്കം നൂറിലധികം വിദ്യാര്‍ത്ഥികളെയാണ് പ്രത്യേക ബസില്‍ കേരള ഹൗസില്‍ എത്തിച്ചത്. ഹോസ്റ്റലുകള്‍ അടച്ചപ്പോള്‍ താമസ സൗകര്യം ലഭിക്കാതെയും നാട്ടിലേക്ക് മടങ്ങാന്‍ ട്രെയിന്‍ ടിക്കറ്റുകള്‍ കിട്ടാതെയും വന്നവരാണ് കേരള ഹൗസിലെത്തിയത്. ചൊവ്വാഴ്ച കേരള ഹൗസിലെത്തിയ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തി. 

ഡിസംബര്‍ 15ന് ജാമിയ സര്‍ലകലാശായില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായിരുന്നു. ഇതിന് പിന്നാലെ അലിഗഢ് ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളില്‍ പ്രതിഷേധം ശക്തമാവുകയായിരുന്നു.