കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹര്‍ നവോദയയിലും ഒബിസി സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th December 2019 11:10 AM  |  

Last Updated: 18th December 2019 11:10 AM  |   A+A-   |  

kendriya_vidhyalaya

കോഴിക്കോട് കേന്ദ്രീയ വിദ്യാലയം/ ഫയല്‍

 

ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങളിലും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് (ഒബിസി) സംവരണം ഏര്‍പ്പടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അടുത്ത അധ്യയന വര്‍ഷം മുതല്‍ സംവരണ വ്യവസ്ഥ നടപ്പാക്കാനാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ നീക്കമെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങളിലും പട്ടിക വിഭാഗക്കാര്‍ക്കും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും മാത്രമാണ് സംവരണം. ഒബിസി സംവരണം കൂടി ഏര്‍പ്പെടുത്താനുള്ള തീരുമാനം വലിയ രാഷ്ട്രീയ ചര്‍ച്ചയ്ക്കു വഴിവയ്ക്കുമെന്നാണ് കരുതുന്നത്.

രാജ്യത്ത് ആകെ 1228 കേന്ദ്രീയ വിദ്യാലയങ്ങളാണ് ഉള്ളത്. മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിനാണ് ഇവയുടെ ചുമതല. 13 ലക്ഷം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങള്‍ ലോകത്തു തന്നെ ഏറ്റവും വലയി സ്‌കൂള്‍ ശൃംഖലയാണ്. രാജ്യത്തെ നവോദയ വിദ്യാലയങ്ങളുടെ എണ്ണം 600 ആണ്. ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ്, റസിഡന്‍ഷ്യല്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന നവോദയ വിദ്യാലയങ്ങള്‍ക്കു സര്‍ക്കാര്‍ തുടക്കമിട്ടത്.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിലവില്‍ പതിനഞ്ചു ശതമാനം സീറ്റാണ് പട്ടിക ജാതിക്കാര്‍ക്കു സംവരണം ചെയ്്തിട്ടുള്ളത്. പട്ടിക വര്‍ഗക്കാര്‍ക്ക് ഏഴര ശതമാനം സംവരണമുണ്ട്.  ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് മൂന്നു ശതമാനമാണ് സംവരണം.

നിയമ മന്ത്രാലയവുമായും ഒബിസി കമ്മിഷനുമായും കൂടിയാലോചനകള്‍ നടത്തിയാണ് മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കു കൂടി സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് മാനവ വിഭവ ശേഷി മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.