'നമുക്ക് ഒരുമിച്ച് പോയി അവളെ കൂട്ടബലാത്സംഗം ചെയ്യാം', 14കാരായ സ്‌കൂള്‍ കുട്ടികളുടെ വാട്‌സ് ആപ്പ് ചര്‍ച്ചകള്‍, അമ്പരന്ന് മാതാപിതാക്കള്‍, സസ്‌പെന്‍ഷന്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th December 2019 12:28 PM  |  

Last Updated: 18th December 2019 12:28 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

മുംബൈ:  വിദ്യാര്‍ത്ഥിനികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാട്‌സ് ആപ്പിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച എട്ട് സഹപാഠികളെ സസ്‌പെന്‍ഡ് ചെയ്തു. 13നും 14നും ഇടയില്‍ പ്രായമുളള വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ നടപടി എടുത്തത്. 

മുംബൈയിലെ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് സംഭവം. ലൈംഗികച്ചുവയുളള പരാമര്‍ശങ്ങള്‍ രണ്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചതോടെയാണ് സംഭവം വിവാദമായത്. മനോവേദന മൂലം ചില പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ പോലും മടിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

അശ്ലീല പരാമര്‍ശങ്ങള്‍ അടങ്ങുന്ന വിദ്യാര്‍ത്ഥികളുടെ സന്ദേശങ്ങള്‍ നൂറിലധികം പേജ് വരും. കൂട്ടബലാത്സംഗം, ബലാത്സംഗം തുടങ്ങിയ പദങ്ങളാണ് ചാറ്റില്‍ ഉടനീളം വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചിരുന്നത്. തമാശരൂപേണയും പെണ്‍കുട്ടികളെ മനഃപൂര്‍വ്വം അപമാനിക്കുന്ന തരത്തിലുമാണ് വാട്‌സ്ആപ്പിലൂടെ ചാറ്റുകള്‍ തുടര്‍ന്നിരുന്നത്. എട്ടു വിദ്യാര്‍ത്ഥികളാണ് ഇതിന് പിന്നിലെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ബോഡി ഷെയിമിങ്ങ് നടത്തിയും സ്വവര്‍ഗാനുരാഗി തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചും പെണ്‍കുട്ടികളെ അപമാനിച്ചതായി മാതാപിതാക്കളുടെ പരാതിയില്‍ പറയുന്നു.

ഒരു രാത്രിക്ക് ക്ലാസിലെ ഏതെല്ലാം പെണ്‍കുട്ടികളെയാണ് തെരഞ്ഞെടുക്കുക തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ദിവസങ്ങളോളം നടന്ന ചര്‍ച്ചകള്‍ പലതും പെണ്‍കുട്ടികള്‍ക്ക് മനോവേദന സൃഷ്ടിച്ചതായി മാതാപിതാക്കള്‍ പരാതിപ്പെടുന്നു. പലപ്പോഴും ചര്‍ച്ചകള്‍ രണ്ട് പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചാണ് നടന്നത്. ഒരു രാത്രി നമുക്ക് ഒരുമിച്ച് പോയി അവളെ കൂട്ടബലാത്സംഗം ചെയ്യാം എന്നിങ്ങനെ പെണ്‍കുട്ടികളെ അപമാനിക്കുന്ന നിരവധി ലൈംഗികച്ചുവയോടെയുളള ചാറ്റുകള്‍ മറ്റ് സുഹൃത്തുക്കള്‍ ഏറ്റുപിടിച്ച് മുന്നോട്ടുപോകുന്ന വിധമാണ് ചര്‍ച്ചകള്‍ പുരോഗമിച്ചത്. പെണ്‍കുട്ടികള അപമാനിക്കുന്ന ഈ സന്ദേശങ്ങളില്‍ ഒന്ന് ഒരു രക്ഷകര്‍ത്താവ് മാതാപിതാക്കളുടെ ഗ്രൂപ്പിലേക്ക് കൈമാറിയതോടെയാണ് സംഭവം ചര്‍ച്ചയായത്.