'നിങ്ങള്‍ ആഭ്യന്തരമന്ത്രിയാണ്, രാജ്യത്തിന് തീയിടലല്ല നിങ്ങളുടെ ജോലി' ; അമിത് ഷായെ കടന്നാക്രമിച്ച് മമതാ ബാനര്‍ജി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th December 2019 04:36 PM  |  

Last Updated: 18th December 2019 04:36 PM  |   A+A-   |  

 

കൊല്‍ക്കത്ത : ദേശീയ പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിങ്ങള്‍ വെറും ബിജെപി നേതാവല്ല. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയാണ്. രാജ്യത്ത് ക്രമസമാധാനവും ശാന്തിയും പരിപാലിക്കേണ്ട കടമ നിങ്ങള്‍ക്കുണ്ട്. മമത ബാനര്‍ജി പറഞ്ഞു.

രാജ്യത്തെ ഒരാള്‍ക്കും പൗരത്വം നഷ്ടമാകില്ലെന്നാണ് നിങ്ങള്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ പറയുന്നു പൗരത്വം തെളിയിക്കാന്‍ പാന്‍ പറ്റില്ല, ആധാര്‍ പറ്റില്ല എന്നൊക്കെ. പിന്നെ എന്താണ് പൗരത്വം തെളിയിക്കാന്‍ വേണ്ടത് ?, ബിജെപിയില്‍ നിന്നുള്ള മന്ത്രത്തകിടോ ? വിഴുപ്പ് അലക്കുന്ന ഒരു വാഷിംഗ് മെഷീന്‍ പോലെയായിരിക്കുന്നു ബിജെപിയെന്ന് മമത പരിഹസിച്ചു.

എല്ലാവരുടെയും പുരോഗതി ഉറപ്പുവരുത്തുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടു, എന്നാല്‍ എല്ലാവരുടെയും നാശം നിങ്ങള്‍ക്കുറപ്പുവരുത്താനും സാധിച്ചു. നിയമം ലംഘിച്ച് ഇന്ത്യയില്‍ കുടിയേറിയവര്‍ക്കായി എത്ര തടങ്കല്‍ കേന്ദ്രങ്ങള്‍ രാജ്യത്തുണ്ടാക്കുമെന്നും അവര്‍ ചോദിച്ചു.

35 ശതമാനം വോട്ടിന്റെ പിന്‍ബലത്തിലാണ് നിങ്ങള്‍ അധികാരത്തിലെത്തിയത്. 65 ശതമാനം ജനങ്ങള്‍ നിങ്ങള്‍ക്കൊപ്പമില്ലെന്ന് ഓര്‍ക്കണമെന്നും മമത പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്ററും, ദേശീയ പൗരത്വ നിയമ ഭേദഗതിയും ഒരു നാണയത്തിന്റെ രണ്ടുപുറങ്ങളാണ്. ഇപ്പോല്‍ ജനന സര്‍ട്ടിഫിക്കറ്റുകള്‍ ചോദിക്കുന്നു. അവസാനം പൂച്ച പുറത്തുചാടിയെന്ന് മമത പറഞ്ഞു. സംസ്ഥാനത്ത് പൗരത്വ നിയമഭേദഗതി നടപ്പാക്കില്ലെന്നും മമത ആവര്‍ത്തിച്ചു.