''അവരുടെ അവകാശങ്ങള്‍, അവരുടെ അവകാശങ്ങള്‍... എവിടെ ഞങ്ങളുടെ അവകാശങ്ങള്‍? '' കോടതിയില്‍ പൊട്ടിക്കരഞ്ഞ് നിര്‍ഭയയുടെ അമ്മ

''ചെല്ലുന്നിടത്തെല്ലാം എല്ലാവരും കുറ്റവാളികളുടെ അവകാശങ്ങളെക്കുറിച്ചാണ് പറയുന്നത്, ഞങ്ങളുടെ അവകാശങ്ങള്‍ എവിടെ?
അശാദേവി/എഎന്‍ഐ, ട്വിറ്റര്‍
അശാദേവി/എഎന്‍ഐ, ട്വിറ്റര്‍

ന്യൂഡല്‍ഹി: മകളെ ക്രൂര പീഡനത്തിനിരയാക്കി പൈശാചികമായി കൊലപ്പെടുത്തിയ കുറ്റവാളികളുടെ ശിക്ഷ നടപ്പാക്കുന്നതു നീണ്ടുപോവുന്നതില്‍ മനംനൊന്ത് കോടതിയില്‍ പൊട്ടിക്കരഞ്ഞ് നിര്‍ഭയയുടെ അമ്മ ആശാദേവി. ''ചെല്ലുന്നിടത്തെല്ലാം എല്ലാവരും കുറ്റവാളികളുടെ അവകാശങ്ങളെക്കുറിച്ചാണ് പറയുന്നത്, ഞങ്ങളുടെ അവകാശങ്ങള്‍ എവിടെ?'' - ആശാദേവി പാട്യാലാ ഹൗസ് കോടതിയില്‍ ചോദിച്ചു.

പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് മരണ വാറണ്ട് പുറപ്പെടുവിക്കണം എന്നാവശ്യപ്പെട്ടാണ് ആശാദേവി കോടതിയെ സമീപിച്ചത്. പ്രതികളില്‍ ഒരാളുടെ പുനപ്പരിശോധനാ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതിനാലാണ് കേസ് ഇന്നേക്കു മാറ്റിയത്. പുനപ്പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെ പരിഗണനയ്‌ക്കെടുത്തെങ്കിലും കേസ് ജനുവരി ഏഴിലേക്കു മാറ്റുകയായിരുന്നു. ഇതോടെയാണ് നിര്‍ഭയയുടെ മാതാവ് കോടതിയില്‍ പൊട്ടിക്കരഞ്ഞത്.

ദയാഹര്‍ജിയില്‍ തീരുമാനമാവും മുമ്പ് മരണ വാറണ്ട് പുറപ്പെടുവിക്കാനാവുമോയെന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി സതീഷ് അറോറ ചോദിച്ചു. കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ക്ക് നിയമപരമായ എല്ലാ സാധ്യതയും ഉപയോഗിക്കാന്‍ അവസരം ലഭിക്കേണ്ടതുണ്ടെന്ന നിലപാടാണ്, അമിക്കസ് ക്യൂരി വൃന്ദാ ഗ്രോവര്‍ സ്വീകരിച്ചത്. അതുവരെ കേസ് മാറ്റിവയ്ക്കണമെന്ന് വൃന്ദാ ഗ്രോവര്‍ ആവശ്യപ്പെട്ടു. 

പുനപ്പരിശോധനാ ഹര്‍ജി തള്ളിയതിനാല്‍ കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ക്കു പുതിയ നോട്ടീസ് നല്‍കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. ഇതിന് ജയില്‍ അധികാരികള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. തിരുത്തല്‍ ഹര്‍ജിയോ ദയാഹര്‍ജിയോ പരിഗണനയിലുണ്ട് എന്നത് മരണവാറണ്ട് പുറപ്പെടുവിക്കാന്‍ തടസമല്ലെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com