കുറ്റം ചെയ്തത് സമൂഹം, പീഡകരെ സമൂഹം സൃഷ്ടിക്കുന്നതെന്ന് പ്രതിയുടെ അഭിഭാഷകന്‍ ; നിര്‍ഭയ കേസില്‍ വിധി ഉച്ചയ്ക്ക്

നിര്‍ഭയയുടെ ആദ്യ മൊഴിയില്‍ അക്ഷയ് കുമാറിന്റെ പേരില്ല. മൂന്നാമത്തെ മരണമൊഴിയിലാണ് വിപിന്‍ എന്നയാള്‍ക്ക് ശേഷം അക്ഷയുടെ പേര് വരുന്നത്
കുറ്റം ചെയ്തത് സമൂഹം, പീഡകരെ സമൂഹം സൃഷ്ടിക്കുന്നതെന്ന് പ്രതിയുടെ അഭിഭാഷകന്‍ ; നിര്‍ഭയ കേസില്‍ വിധി ഉച്ചയ്ക്ക്

ന്യൂഡല്‍ഹി : രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസ് പ്രതി അക്ഷയ് കുമാര്‍ സിങിന്റെ റിവ്യൂ ഹര്‍ജിയില്‍ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് സുപ്രീംകോടതി  വിധി പ്രസ്താവിക്കും. ജസ്റ്റിസ് ആര്‍ ഭാനുമതിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എ എസ് ബൊപ്പണ്ണ എന്നിവരാണ് ഹര്‍ജി പരിഗണിച്ച ബെഞ്ചിലുണ്ടായിരുന്ന മറ്റ് ജഡ്ജിമാര്‍.

പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും വന്‍ സമ്മര്‍ദ്ദമുണ്ടെന്ന് അക്ഷയ് കുമാറിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് എ പി ഷാ വാദിച്ചു. കുറ്റകൃത്യത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടു. പൊതുജന സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഡല്‍ഹി റയാന്‍ സ്‌കൂളിലെ കുട്ടിയുടെ കൊലപാതകക്കേസില്‍ ബസ് ജീവനക്കാരനെ പ്രതിയാക്കിയ സംഭവം ഷാ ചൂണ്ടിക്കാട്ടി.

ഈ കേസിലും സത്യസന്ധമായ അന്വേഷണം നടന്നില്ല. മാത്രമല്ല കേസിലെ ഏക ദൃക്‌സാക്ഷിയും മരിച്ച പെണ്‍കുട്ടിയുടെ സുഹൃത്തുമായ യുവാവിനെതിരെ ലക്ഷങ്ങള്‍ കൈക്കൂലി മേടിച്ച കേസുണ്ടെന്നും അഡ്വക്കേറ്റ് ഷാ പറഞ്ഞു. അതും ഇതുമായി എന്തു ബന്ധമെന്നായിരുന്നു ജസ്റ്റിസ് അശോക് ഭൂഷണിന്റെ ചോദ്യം.

കേസിലെ മറ്റൊരു പ്രതിയായ രാംസിങിന്റെ ആത്മഹത്യയില്‍ സംശയമുണ്ട്. ഇക്കാര്യം വിരമിച്ച തീഹാര്‍ ജയില്‍ ലോ ഓഫീസറുടെ ഓര്‍മ്മക്കുറിപ്പുകളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും എപി ഷാ പറഞ്ഞു. കേസിലെ വിചാരണ പൂര്‍ത്തിയായശേഷം ഇത്തരത്തില്‍ പുസ്തകത്തില്‍ എഴുതുന്നത് അപകടകരമായ പ്രവണതയാണ്. തെളിവുണ്ടെങ്കില്‍ അദ്ദേഹം ഇത് എന്തുകൊണ്ട് വിചാരണവേളയില്‍ കോടതിയെ അറിയിച്ചില്ല എന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ ചോദിച്ചു. അദ്ദേഹം വിരമിച്ചില്ലേ, വിരമിച്ചശേഷം ആളുകള്‍ ഇത്തരത്തില്‍ പറയുന്നത് പതിവായിട്ടുണ്ടെന്ന് ജസ്റ്റിസ് ബൊപ്പണ്ണയും പ്രതികരിച്ചു.

ഈ കേസിലെ പ്രതികളെ തൂക്കിലേറ്റണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. ഇതിനേക്കാള്‍ ഹീനകൃത്യം ചെയ്തവര്‍ ഇപ്പോഴും തീഹാര്‍ ജയിലിലുണ്ട്.  ഈ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണ്. ഡല്‍ഹിയില്‍ വായുവും ജലവും മലിനമാണ്. അതുകൊണ്ടുതന്നെ ആയുര്‍ദൈര്‍ഘ്യംവും കുറഞ്ഞിരിക്കുകയാണ്. ഉപനിഷദ് പ്രകാരം സത്യയുഗത്തില്‍ ആളുകള്‍ 1000 വര്‍ഷം വരെ ജീവിച്ചിരുന്നു എന്നാണ്. ഇപ്പോള്‍ കലിയുഗമാണ്. 50 മുതല്‍ 60 വയസ്സുവരെ മാത്രമേ ജീവിക്കുകയുള്ളൂ. ഈ സാഹചര്യത്തില്‍ എന്തിന് പ്രതികളെ തൂക്കിലേറ്റണമെന്ന് ശഠിക്കുന്നു എന്ന് എ പി ഷാ ചോദിച്ചു.

നിര്‍ഭയയുടെ മരണമൊഴിയേയും എപി ഷാ ചോദ്യം ചെയ്തു. നിര്‍ഭയയുടെ ആദ്യ മൊഴിയില്‍ അക്ഷയ് കുമാറിന്റെ പേരില്ല. മൂന്നാമത്തെ മരണമൊഴിയിലാണ് വിപിന്‍ എന്നയാള്‍ക്ക് ശേഷം അക്ഷയുടെ പേര് വരുന്നത്. എന്നാല്‍ വിപിനെ കണ്ടെത്താനോ, ക്രൂരകൃത്യത്തില്‍ അയാളുടെ പങ്ക് കണ്ടെത്താനോ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഇതുകൊണ്ട് തന്നെ രണ്ടും മൂന്നും മരണമൊഴികള്‍ പറഞ്ഞുപടിപ്പിച്ച പ്രകാരമുള്ളതാണ്. മാത്രമല്ല, പെണ്‍കുട്ടിയ്ക്ക് നിരന്തരം മയങ്ങാനുള്ള മരുന്ന് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ എങ്ങനെ മരണമൊഴി നല്‍കുമെന്നും അഡ്വക്കേറ്റ് ഷാ ചോദിച്ചു.

ഈ റിപ്പോര്‍ട്ട് നേരത്തെ പരിശോധിച്ചതാണെന്നും, ഇക്കാര്യങ്ങളെല്ലാം വിചാരണവേളയില്‍ കേട്ടതാണെന്നും ജസ്റ്റിസുമാരായ ഭാനുമതിയും അശോക് ഭൂഷണും വ്യക്തമാക്കി. ഇപ്പോഴത്തെ വാദത്തില്‍ പുതുതായൊന്നുമില്ല. വധശിക്ഷ ശരിവെച്ച സുപ്രീംകോടതി വിധിയില്‍ എന്താണ് തെറ്റ് ചൂണ്ടിക്കാട്ടാനുള്ളതെന്നും കോടതി ചോദിച്ചു.

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ഹീനമാണ്. അതിന് എന്തിനാണ് വധശിക്ഷ. അതുകൊണ്ട് തെറ്റിന്റെ വേരറുക്കാനാകുമോ ?. ക്രൂരകൃത്യത്തിന് പരിഹാരമാകുമോ വധശിക്ഷ ?. ഒരര്‍ത്ഥത്തില്‍ ഇത് പ്രതികാരമാണ്. ഒരു അമ്മയ്ക്ക് ആശ്വാസം കിട്ടുമ്പോള്‍ പ്രതികളുടെ നാല് അമ്മമാര്‍ക്ക് മക്കളെ നഷ്ടമാകുകയാണ്. യഥാര്‍ത്ഥ പ്രതികള്‍ സമൂഹവും വിദ്യാഭ്യാസം ഇല്ലായ്മയുമാണ്. പീഡകരായി ആരും ജനിക്കുന്നില്ല, അവര്‍ സമൂഹത്തിന്റെ സൃഷ്ടികളാണെന്നും അഡ്വക്കേറ്റ് ഷാ പറഞ്ഞു.

പ്രതിഭാഗത്തിന്‍ വാദങ്ങള്‍ നേരത്തെ പല കോടതികളില്‍ ഉന്നയിച്ചിട്ടുള്ളതാണ്. ഈ വാദങ്ങള്‍ തന്നെയാണ് മറ്റു പ്രതികളും ഉന്നയിച്ചത്. നിര്‍ഭയ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ ഹീനകൃത്യമാണ്. അതിനാല്‍ പ്രതിഭാഗത്തിന്റെ വാദങ്ങള്‍ കോടതി തള്ളിക്കളയണമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. ക്രൂരകൃത്യം നടക്കുമ്പോള്‍ മനുഷ്യത്വത്തിനാണ് നാണക്കേടുണ്ടാകുന്നത്. ഇത്തരം കേസുകളില്‍ ദയയുടെ ആവശ്യമില്ലെന്നും തുഷാര്‍മേത്ത പറഞ്ഞു. ഇരുഭാ​ഗങ്ങളുടെയും വാദം പൂര്‍ത്തിയായതോടെ, കേസില്‍ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വിധി പ്രസ്താവിക്കുമെന്ന് കോടതി വ്യക്തമാക്കി.

നേരത്തെ റിവ്യൂ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പിന്മാറിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ അനന്തരവന്‍ അഡ്വക്കേറ്റ് അര്‍ജുന്‍ ബോബ്‌ഡെ കേസിലുള്‍പ്പെട്ട മറ്റ് മൂന്നുപ്രതികളിലൊരാളുടെ റിവ്യൂ ഹര്‍ജിയില്‍  നേരത്തെ കോടതിയില്‍ ഹാജരായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് കേസ് കേള്‍ക്കുന്നതില്‍ നിന്നും പിന്മാറിയത്.

കേസിലെ മറ്റുപ്രതികളായ മുകേഷ് കുമാര്‍, വിനയ് ശര്‍മ്മ, പവന്‍കുമാര്‍ ഗുപ്ത എന്നിവരുടെ റിവ്യൂ ഹര്‍ജികള്‍ സുപ്രീംകോടതി 2018 ജൂലൈയില്‍ തള്ളിയിരുന്നു. ജസ്റ്റിസുമാരായ ദീപക് മിശ്ര, ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവടങ്ങിയ ബെഞ്ചാണ് വധശിക്ഷ ശരിവെച്ചത്. പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതിയും തള്ളിക്കളഞ്ഞിരുന്നു.

2013 ഡിസംബര്‍ 16 നായിരുന്നു പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പ്രതികള്‍ ഓടുന്ന ബസില്‍ വെച്ച് ക്രൂരമായി കൂട്ടബലാല്‍സംഗത്തിന് വിധേയയാക്കിയത്. ശരീരത്തില്‍ മാരക മുറിവുകളേല്‍പ്പിച്ച പെണ്‍കുട്ടി, സിംഗപ്പൂരില്‍ ചികില്‍സയ്ക്കിടെയാണ് മരിച്ചത്. സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം ശക്തമായതോടെയാണ് സര്‍ക്കാര്‍ വിദഗ്ധ ചികില്‍സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com