പൗരത്വ പ്രക്ഷോഭത്തിനിടെ രാഹുലിന്റെ വിദേശപര്യടനം ; വീണ്ടും വിമര്‍ശനം ; മുന്‍കൂട്ടി നിശ്ചയിച്ചതെന്ന് കോണ്‍ഗ്രസ്

വിദ്യാര്‍ത്ഥി പ്രക്ഷോഭം സംഘര്‍ഷത്തില്‍ കലാശിക്കുന്നതിന് തൊട്ടുമുമ്പാണ് രാഹുല്‍ഗാന്ധിയും സംഘവും ദക്ഷിണ കൊറിയന്‍ പര്യടനത്തിന് തിരിച്ചത്
പൗരത്വ പ്രക്ഷോഭത്തിനിടെ രാഹുലിന്റെ വിദേശപര്യടനം ; വീണ്ടും വിമര്‍ശനം ; മുന്‍കൂട്ടി നിശ്ചയിച്ചതെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം ശക്തമാകവേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നു. വിവാദ നിയമത്തിനെതിരെ പ്രതിഷേധരംഗത്തുള്ള വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്കും സമരരംഗത്തുള്ള യുവാക്കള്‍ക്കും ഊര്‍ജ്ജം പകര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അണിനിരക്കുമ്പോഴാണ്, പ്രമുഖപാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായ രാഹുല്‍ഗാന്ധി വിദേശ പര്യടനം നടത്തുന്നത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാഷ്ട്രീയരംഗത്തുനിന്നും ഉയരുന്നത്.

ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം സംഘര്‍ഷത്തില്‍ കലാശിക്കുന്നതിന് തൊട്ടുമുമ്പാണ് രാഹുല്‍ഗാന്ധിയും സംഘവും ദക്ഷിണ കൊറിയന്‍ പര്യടനത്തിന് തിരിച്ചത്. സോളില്‍ വെച്ച് ദക്ഷിണകൊറിയന്‍ പ്രധാനമന്ത്രി ലീ നാക് യോണുമൊത്തുള്ള ചിത്രങ്ങള്‍ രാഹുല്‍ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇരുരാജ്യങ്ങളിലെയും രാഷ്ട്രീയ-സാമ്പത്തിക സ്ഥിതികള്‍ ചര്‍ച്ച ചെയ്തതായി രാഹുല്‍ ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.

രാജ്യം പ്രതിഷേധച്ചൂടില്‍ നില്‍ക്കെയുള്ള രാഹുലിന്റെ അഭാവത്തെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. മുന്‍കൂട്ടി തീരുമാനിച്ച പ്രോഗ്രാം അനുസരിച്ചാണ് രാഹുല്‍ വിദേശപര്യടനത്തിന് പോയതെന്നാണ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോഡ പറഞ്ഞു.

കൊറിയന്‍ ഫൗണ്ടേഷന്റെ ക്ഷണപ്രകാരമാണ് രാഹുല്‍ പോയത്. വിദേശകാര്യമന്ത്രാലയത്തില്‍ അഫിലിയേറ്റ് ചെയ്ത സംഘടനയാണിത്. അതുകൊണ്ടുതന്നെ രാഹുലിന്റേത് ഔദ്യോഗിക യാത്രയാണെന്നും പിത്രോഡ പറഞ്ഞു. രാഹുലിന്റെ കമ്യൂണിക്കേഷന്‍സ് സ്ട്രാറ്റജിസ്റ്റ് നിഖില്‍ ആല്‍വയും വിദേശപര്യടന സംഘത്തിലുണ്ട്. നേരത്തെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ രാഹുല്‍ഗാന്ധി വിദേശസന്ദര്‍ശനത്തിന് പോയത് വന്‍ വിവാദമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com