2003ല്‍ പൗരത്വ നിയമ ഭേദഗതിയെ മന്‍മോഹന്‍സിങ് പിന്തുണച്ചോ?; വീഡിയോ പുറത്തുവിട്ട് ബിജെപി 

2003ല്‍ പൗരത്വ നിയമ ഭേദഗതിയുടെ ആവശ്യകത ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് നേതാവ് ഡോ മന്‍മോഹന്‍സിങ് രാജ്യസഭയില്‍ സംസാരിക്കുന്ന വീഡിയോയാണ് ബിജെപി പ്രചരിപ്പിക്കുന്നത്
2003ല്‍ പൗരത്വ നിയമ ഭേദഗതിയെ മന്‍മോഹന്‍സിങ് പിന്തുണച്ചോ?; വീഡിയോ പുറത്തുവിട്ട് ബിജെപി 

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിപക്ഷ പ്രതിഷേധം ആളിക്കത്തുമ്പോള്‍, കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ബിജെപിയുടെ വീഡിയോ. 2003ല്‍ പൗരത്വ നിയമ ഭേദഗതിയുടെ ആവശ്യകത ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് നേതാവ് ഡോ മന്‍മോഹന്‍സിങ് രാജ്യസഭയില്‍ സംസാരിക്കുന്ന വീഡിയോയാണ് ബിജെപി പ്രചരിപ്പിക്കുന്നത്. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ സമരം ശക്തമാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ്, കോണ്‍ഗ്രസിനെതിരെ ആയുധമാക്കി ബിജെപി മന്‍മോഹന്‍സിങ്ങിന്റെ വീഡിയോ പ്രചരിപ്പിക്കുന്നത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് പൗരത്വവുമായി ബന്ധപ്പെട്ട്  മന്‍മോഹന്‍സിങ് സംസാരിക്കുന്ന വീഡിയോയാണ് ബിജെപി ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ പീഡനങ്ങള്‍ നേരിടുന്നതായും ഇവര്‍ക്ക് പൗരത്വം നല്‍കുന്ന കാര്യത്തില്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നതുമാണ് മന്‍മോഹന്‍സിങ്ങിന്റെ പ്രസംഗത്തിന്റെ ഉളളടക്കം.

'എനിക്ക് ഒരു കാര്യം പറയാനുണ്ട്. അഭയാര്‍ത്ഥികളോടുളള സമീപനത്തെ കുറിച്ചാണ് പറയാനുളളത്.രാജ്യത്തിന്റെ വിഭജനത്തിന് ശേഷം ബംഗ്ലാദേശ് ഉള്‍പ്പെടെയുളള അയല്‍രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ പീഡനം നേരിട്ടുവരികയാണ്.ഇന്ത്യയില്‍ അഭയം തേടാന്‍ ഈ അഭയാര്‍ത്ഥികള്‍ നിര്‍ബന്ധിതരായാല്‍, ഇവര്‍ക്ക് പൗരത്വം നല്‍കുക എന്നത് നമ്മുടെ ധാര്‍മ്മിക ഉത്തരവാദിത്തമാണ്. നിര്‍ഭാഗ്യവാന്മാരായ ഇവരുടെ കാര്യത്തില്‍ അനുഭാവപൂര്‍വ്വമായ സമീപനം സ്വീകരിക്കണം. ഡെപ്യൂട്ടി പ്രധാനമന്ത്രിയായ എല്‍ കെ അദ്വാനി ഇക്കാര്യങ്ങള്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്'-മന്‍മോഹന്‍സിങിന്റെ വീഡിയോയിലെ വാക്കുകള്‍ ഇങ്ങനെ. മന്‍മോഹന്‍സിങ്ങിന്റെ വാദങ്ങള്‍ അംഗീകരിക്കുന്നതായി  ഇതിന് മറുപടിയായി അദ്വാനി പറയുന്നതും വീഡിയോയില്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com