ജോലി വേണോ? ബോസിന്റെ ഭാര്യയെ 'സ്‌നേഹി'ക്കണം, പിന്നെ കൈയൊഴിയണം; മാനസിക സമ്മര്‍ദം, യുവാവ് ജീവനൊടുക്കിയതിനു പിന്നില്‍ വിചിത്രമായ കാരണങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th December 2019 05:08 PM  |  

Last Updated: 19th December 2019 05:12 PM  |   A+A-   |  

lovers

 

അഹമ്മദാബാദ്: അഹമ്മദാബാദ്: പത്തൊന്‍പതുകാരന്റെ ദുരൂഹമരണത്തിന്റെ ചുരുളഴിച്ച് മൊബൈല്‍ ഫോണ്‍ രേഖകള്‍ പുറത്ത്. തൊഴിലുടമസ്ഥന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധമാണ് യുവാവിന്റെ ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്ന് മൊബൈല്‍ ഫോണ്‍ പരിശോധിച്ച സഹോദരങ്ങള്‍ക്ക് ബോധ്യപ്പെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല്‍പ്പത്തിയഞ്ചുകാരനായ തൊഴിലുടമസ്ഥന്‍ ആയാളുടെ ഇരുപത്തിയഞ്ചുകാരിയായ ഭാര്യയെ സ്‌നേഹിക്കാന്‍ നിര്‍ബന്ധിക്കുകയും യുവാവിന്റെ ശമ്പളം തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

2018ലാണ് 19കാരനായ നിര്‍മ്മല്‍ വാസ്‌നയിലെ ഒരു സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്നത്. വിവാഹത്തിനായി അലങ്കരിക്കുന്ന സാധനസാമഗ്രികള്‍ വില്‍ക്കുന്ന കടയായിരുന്നു അത്. അവിടെ മാസങ്ങളോളം ജോലി ചെയ്തിട്ട് ശമ്പളം ലഭിച്ചില്ലെന്നും ജോലി സ്ഥലത്ത് മുതലാളിയും ഭാര്യയും നിരന്തരം ഉപദ്രവിക്കുന്നതായും നിര്‍മല്‍ പിതാവിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മകനോട് ജോലി ഉപേക്ഷിക്കാന്‍ പിതാവ് ആവശ്യപ്പെട്ടു. അതിനിടെ മുടങ്ങിയ ശമ്പളം നല്‍കാമെന്നും ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും തൊഴിലുടമ യുവാവിനോട് പറഞ്ഞു.  പിന്നീട് ജോലിക്ക് ചേര്‍ന്ന മകന്‍ മുതലാളിക്കൊപ്പം രാജസ്ഥാനിലേക്ക് ടൂര്‍ പോകുകയാണെന്ന് അറിയിക്കുകയായിരുന്നെന്ന് പിതാവ് പറഞ്ഞു. 

അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം മകന്‍ ഓഫീസില്‍ ആത്മഹത്യ ചെയ്തതായി തൊഴിലുടമ പിതാവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് ശേഷം സഹോദരങ്ങള്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് യുവാവും തൊഴിലുടമയും തമ്മിലുള്ള സംഭാഷണം കണ്ടെത്തിയത്. നിങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ നിങ്ങളുടെ ഭാര്യയെ പ്രണയിക്കാന്‍ തുടങ്ങി. അവര്‍ തിരിച്ചും സ്‌നേഹിക്കാന്‍ തുടങ്ങി. അപ്പോഴാണ് ഞങ്ങള്‍ തമ്മിലുള്ള അവിഹിത ബന്ധം അവസാനിപ്പിക്കാന്‍ നിങ്ങള്‍ ആവശ്യപ്പെട്ടത്. ഇത് ഞങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. എന്നോട് കരുണ കാണിക്കു എന്നിങ്ങനെയായിരുന്നു ഫോണില്‍ കണ്ട മെസേജുകള്‍.

തൊഴിലുടമ ഭാര്യയുമായുള്ള ബന്ധത്തിന് യുവാവിനെ പ്രേരിപ്പിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി പൊലീസ് പറയുന്നു. ഭാര്യയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഉടമ ആവശ്യപ്പെട്ട കാര്യം ഇയാള്‍  യുവതിയോട് പറഞ്ഞപ്പോള്‍ പിന്തിരിയാന്‍ കഴിയില്ലെന്ന് അവര്‍ യുവാവിനെ അറിയിച്ചു. അവര്‍ ബന്ധം തുടരാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അതിനിടെ തൊഴിലുടമയുടെ ഭീഷണി തുടരുകയും ചെയ്തതോടെ യുവാവ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായി. ഇതേതുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.