'അവര്‍ വന്നപ്പോള്‍ സുരക്ഷയ്‌ക്കെന്നാണ്  കരുതിയത്, പിന്നെയാണ് സ്വഭാവം മാറിയത്, ഏതൊക്കെയോ വഴികളിലൂടെ വണ്ടിയോടിച്ചു'; ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു ( വീഡിയോ)

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ കയറിയ ബസ് പൊലീസ് പിടിച്ചെടുത്തു
'അവര്‍ വന്നപ്പോള്‍ സുരക്ഷയ്‌ക്കെന്നാണ്  കരുതിയത്, പിന്നെയാണ് സ്വഭാവം മാറിയത്, ഏതൊക്കെയോ വഴികളിലൂടെ വണ്ടിയോടിച്ചു'; ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു ( വീഡിയോ)

ഹൈദരാബാദ്:  പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ കയറിയ ബസ് പൊലീസ് പിടിച്ചെടുത്തു. ബസില്‍ അതിക്രമിച്ചു കയറിയ പൊലീസ് അജ്ഞാതമായ വഴികളിലൂടെ വാഹനം കൊണ്ടുപോയതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. 
തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ബസില്‍ ഉണ്ടായിരുന്ന നൂറോളം വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥികളെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്‍പില്‍ പ്രതിഷേധം തുടരുകയാണ്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലും പ്രതിഷേധം തുടരുകയാണ്. ഇതിന്റെ ഭാഗമായി ഹൈദരാബാദ് സര്‍വകലാശാലയുടെ മെയിന്‍ ഗേറ്റില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കയറിയ ബസാണ് പൊലീസ് പിടിച്ചെടുത്തത്. തുടര്‍ന്ന് പൊലീസ് ബസില്‍ അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥി ശരണ്യ പറയുന്നു.

സ്റ്റുഡന്‍സ് യൂണിയന്റെ നിര്‍ദേശപ്രകാരമാണ് മെയിന്‍ ഗേറ്റില്‍ നിന്ന് ബസില്‍ കയറിയതെന്ന് ശരണ്യ പറയുന്നു. പ്രതിഷേധം നടക്കുന്ന സ്ഥലത്തേയ്ക്ക് ഒന്‍പതുമണിയോടെ മെയിന്‍ ഗേറ്റില്‍ നിന്ന് ബസില്‍ കയറാനാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിനായി ബസ് വാടകയ്ക്ക് എടുക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ കയറിയതിന് പിന്നാലെ പൊലീസ് ബസില്‍ അതിക്രമിച്ചു കയറി. ആദ്യം ഇവര്‍ ഞങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കയറിയതാണ് എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ബസിലേക്ക് കയറിയ ഇവര്‍ വണ്ടി വിടാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ലൊക്കേഷന്‍ മാറ്റി വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അകത്തല്ലേ പ്രതിഷേധം, മൈതാനത്ത് അല്ലേ പ്രതിഷേധം എന്നിങ്ങനെ ചോദിച്ചാണ് പൊലീസ് വാഹനത്തില്‍ കയറിയതെന്നും ശരണ്യ സമകാലിക മലയാളത്തോട് പറഞ്ഞു.

ഉദ്ദേശിച്ച സ്ഥലത്തേയ്ക്ക് അല്ല വാഹനം കൊണ്ടുപോകുന്നത് എന്നത് തുടക്കത്തില്‍ തന്നെ മനസിലായി. അടുത്തുളള പൊലീസ് സ്റ്റേഷനിലേക്കാണ് വാഹനം കൊണ്ടുപോകുന്നത് എന്നാണ് കരുതിയിരുന്നത്. എന്നാല്‍ അറിയാത്ത വഴികളിലൂടെ വാഹനം ഓടിക്കുന്നതാണ് പിന്നീട് കണ്ടത്.ഈസമയത്ത് വാഹനത്തില്‍ ഇരുന്ന് പ്രതിഷേധിക്കുകയും മാധ്യമങ്ങളെ ഒന്നടങ്കം വിവരം അറിയിക്കുകയും ചെയ്തു. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലൂടെ ഓടിച്ച് ബസ് അവസാനം മൊയിനാബാദ് പൊലീസ് സ്റ്റേഷന് മുന്‍പില്‍ വാഹനം നിര്‍ത്തി. ഏകദേശം ഒരു മണിക്കൂറോളം വാഹനം പിടിച്ചെടുത്ത് പൊലീസ് അജ്ഞാത വഴിയിലൂടെ ബസ് ഓടിച്ചതായി ശരണ്യ പറയുന്നു.തുടര്‍ന്ന്  പൊലീസ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തായി ശരണ്യ പറയുന്നു. ഇപ്പോള്‍ വിദ്യാര്‍ത്ഥികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന്റെ മുന്‍പിലും പ്രതിഷേധം തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com