ആസാദി മുഴങ്ങുന്ന തെരുവുകള്‍; ദേശീയ പതാകയേന്തി പതിനായിരങ്ങള്‍: വീഡിയോ കാണാം

പൗരത്വ നിയമഭേദഗതിക്ക് എതിരെ വിദ്യാര്‍ത്ഥികള്‍ തുടക്കമിട്ട പ്രക്ഷോഭം രാജ്യമെമ്പാടും വ്യാപിച്ചിരിക്കുകയാണ്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

പൗരത്വ നിയമഭേദഗതിക്ക് എതിരെ വിദ്യാര്‍ത്ഥികള്‍ തുടക്കമിട്ട പ്രക്ഷോഭം രാജ്യമെമ്പാടും വ്യാപിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സമരം സംഘര്‍ഷത്തിന് വഴിമാറി. ഡല്‍ഹി ജന്തര്‍ മന്തറിലും മുംബൈ ആഗസ്റ്റ് ക്രാന്തി മൈതാനത്തിലും വിദ്യാര്‍ത്ഥികളെക്കൂടാതെ നിരവധി പേരാണ് സമരത്തിന് എത്തിയിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയ ഇടത് നേതാക്കളുള്‍പ്പെടെ ജന്തര്‍ മന്തറില്‍ പ്രക്ഷോഭത്തിന് വീണ്ടുമെത്തി. രാത്രിയിലും പ്രതിഷേധം തുടരുന്ന സമരക്കാരാട് ജന്തര്‍ മന്തര്‍ വിട്ടുപോകണമെന്ന് ഡല്‍ഹി പൊലീസ് നിര്‍ദേശം നല്‍കി. എന്നാല്‍ രാത്രിയിലും സമരം തുടരാനാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നവരുടെ തീരുമാനം.

കേരളത്തിലുള്‍പ്പെടെ ആസാദി മുദ്രാവാക്യങ്ങുമായി ദേശീയ പതാകയേന്തി പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി. രാജ്ഭവനിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കോഴിക്കോട് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തി. കോഴിക്കോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി.

പ്രക്ഷോഭം അക്രമാസക്തമായ മംഗളൂരുവില്‍ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലെ ഖദ്രയില്‍ പ്രക്ഷോഭകാരികള്‍ പൊലീസ് ഔട്ട്‌പോസ്റ്റിന് തീയിട്ടു. നിരവധി പൊലീസ് വാഹനങ്ങളും കത്തിച്ചു. പ്രക്ഷോഭകാരികളെ പിരിച്ചുവിടാനായി പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.

സാംബലില്‍ സര്‍ക്കാര്‍ ബസുകള്‍ പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി. പ്രതിഷേധ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സമരാനുകൂലികള്‍ കയ്യേറ്റം ചെയ്തു. സമാജ്‌വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തെരുവിലിറങ്ങിയവരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. കഴിഞ്ഞ രാത്രിമുതല്‍ സംംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com