ഇക്കുറി നിങ്ങള്‍ക്കു തടഞ്ഞുനിര്‍ത്താനാവില്ല; പൗരത്വ നിയമ പ്രക്ഷോഭകര്‍ക്കു പിന്തുണയുമായി അരുന്ധതി റോയി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th December 2019 02:46 PM  |  

Last Updated: 19th December 2019 02:46 PM  |   A+A-   |  

arundhati

ഫയല്‍ ചിത്രം

 


ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭത്തിന് ഇറങ്ങിയവര്‍ക്കു പിന്തുണയുമായി എഴുത്തുകാരി അരുന്ധതി റോയി. സ്‌നേഹവും സഹാനുഭാവവും മതഭ്രാന്തിനെയും ഫാസിസത്തെയും നേര്‍ക്കുനേര്‍ അഭിമുഖീകരിക്കുന്ന ദിവസമാണ് ഇതെന്ന് അരുന്ധതി പറഞ്ഞു.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം സര്‍ക്കാരിനെ തുറന്നുകാട്ടുന്നതാണെന്ന് അരുന്ധതി റോയി അഭിപ്രായപ്പെട്ടു. ''ഇപ്പോഴും നമ്മള്‍ തലയുയര്‍ത്തിയാണ് നില്‍ക്കുന്നത്, ഇന്ത്യ ഉണര്‍ന്നുനില്‍ക്കുകയാണ്. ഈ സര്‍ക്കാര്‍ തുറന്നുകാട്ടപ്പെടുകയും അവിശ്വസിക്കപ്പെടുകയും ചെയ്തിരിക്കുന്നു'' -അരുന്ധതി പ്രസ്താവനയില്‍ പറഞ്ഞു.

ഭരണഘടനാ വിരുദ്ധമായ പൗരത്വ നിയമത്തിനും എന്‍ആര്‍സിക്കും എതിരെ എല്ലാവരും ഒന്നുചേര്‍ന്നിരിക്കുന്നു. സ്‌നേഹവും സഹാനുഭൂതിയും മതഭ്രാന്തിനെയും ഫാസിസത്തെയും നേര്‍ക്കുനേര്‍ അഭിമുഖീകരിക്കുന്ന ദിവസമാണിത്. 

നമ്മള്‍ ദലിതരാണ്, മുസ്ലിംകളാണ്. ഹിന്ദുവും ക്രിസ്ത്യാനിയും സിഖും ആദിവാസികളുമാണ്. മാര്‍ക്‌സിസ്റ്റുകളും അംബേദ്കറൈറ്റുകളും കൃഷിക്കാരും തൊഴിലാളികളും അക്കാദമിഷ്യരും എഴുത്തുകാരും കവികളും ചിത്രകാരന്മാരുമാണ്. നമ്മില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. നമ്മളിലാണ് ഈ രാജ്യത്തിന്റെ ഭാവി, ഇക്കുറി നിങ്ങള്‍ക്കു ഞങ്ങളെ തടഞ്ഞുനിര്‍ത്താനാവില്ല- അരുന്ധതി പ്രസ്താവനയില്‍ പറഞ്ഞു.