ഫീസ് വര്‍ധനവ്; പൂനെ, കൊല്‍ക്കത്ത ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാര്‍ത്ഥികള്‍ നാലു ദിവസമായി നിരാഹാര സമരത്തില്‍, ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പ്രക്ഷോഭം

ഇന്ത്യയിലാകമാനം പൗരത്വ നിയമ ഭേദഗതിക്ക് എതിരെ അതിശക്തമായ സമരം നടക്കുമ്പോള്‍ രാജ്യത്തെ  ഫിലിം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലാണ്.
ഫീസ് വര്‍ധനവ്; പൂനെ, കൊല്‍ക്കത്ത ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാര്‍ത്ഥികള്‍ നാലു ദിവസമായി നിരാഹാര സമരത്തില്‍, ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പ്രക്ഷോഭം

കൊല്‍ക്കത്ത: ഇന്ത്യയിലാകമാനം പൗരത്വ നിയമ ഭേദഗതിക്ക് എതിരെ അതിശക്തമായ സമരം നടക്കുമ്പോള്‍ രാജ്യത്തെ  ഫിലിം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലത്തിന്റെ  കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂനെ എഫ് ടി ഐ ഐ, കൊല്‍ക്കത്ത എസ് ആര്‍ എഫ് ടി ഐ എന്നീ രണ്ട് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി യൂണിയനുകള്‍ സംയുക്തമായാണ് പ്രവേശന പരീക്ഷയുടെയും കോഴ്‌സിന്റെയും ക്രമാതീതമായ ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് കഴിഞ്ഞ നാല് ദിവസങ്ങളായി നിരാഹാരസമരം ചെയ്യുന്നത്.
മലയാളി വിദ്യാര്‍ത്ഥികളടക്കം രണ്ടിടത്തുമായി പന്ത്രണ്ട് പേരാണ് നിരാഹാരം കിടക്കുന്നത്.

മുന്‍പ് രണ്ട് ഫിലിം സ്‌കൂളുകളിലേക്കും വെവ്വേറെ നടത്തിയിരുന്ന പ്രവേശന പരീക്ഷകളെയാണ് ചെലവ് കുറക്കാന്‍ എന്ന വാദം ഉന്നയിച്ച് ഏകീകരിച്ച് JET എന്ന പേരില്‍ ഒറ്റ പ്രവേശന പരീക്ഷയും ഏക ജാലക സംവിധാനവുമാക്കുന്നത്. എന്നാല്‍ ഇത് ഫീസ് കുറച്ചില്ലെന്ന് മാത്രമല്ല, പ്രവേശന പരീക്ഷയുടെ ഫീസ് അഞ്ചിരട്ടിയോളം ഉയര്‍ത്തി ഇപ്പോള്‍ 10000 രൂപയാക്കിയിരിക്കുകയാണ്.

പ്രതിവര്‍ഷം ഫീസില്‍ 10% വര്‍ദ്ധനവിനും 75% അറ്റന്റന്‍സ് ഇല്ലാത്ത വിദ്യാര്‍ത്ഥികളില്‍ നിന്നും നഷ്ടമാകുന്ന ഓരോ ശതമാനത്തിനും ആയിരം രൂപ എന്ന നിരക്കില്‍ പ്രത്യേക ഫീസ് വാങ്ങണമെന്നുമാണ് പുതിയ നിര്‍ദ്ദേശം.  ഇതിലൂടെ ഇടത്തരം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാനുള്ള അവസരം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിദ്യാര്‍ത്ഥി യൂണിയനുകള്‍ ആരോപിക്കുന്നു.

ഡിസംബര്‍ 27 ന് സമരവുമായി ബന്ധപ്പെട്ട് ജനറല്‍ കൗണ്‍സില്‍ യോഗം വിളിച്ചിട്ടുണ്ടെന്നതല്ലാതെ അനുഭാവപൂര്‍ണമായ തരത്തില്‍ യാതൊരു നീക്കവും ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പ്രവേശന പരീക്ഷ ഫീസ് വര്‍ധന പിന്‍വലിക്കുക, കോഴ്‌സ് ഫീസിന്റെ 10% പ്രതിവര്‍ഷ വര്‍ധന സംബന്ധിച്ച് തീരുമാനമാവുന്നത് വരെ പ്രവേശനം നിര്‍ത്തി വെക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ നിരാഹാരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. സമരവുമായി ഏതറ്റം വരെ പോകാനും തങ്ങള്‍ ഒരുക്കമാണെന്നും  വിദ്യാര്‍ത്ഥികളും യുവജനങ്ങളും തൊഴിലാളികളുമടങ്ങുന്ന രാജ്യത്തെ പൊതുജനത്തിന്റെ പിന്തുണ സമരത്തിന്റെ കൂടെയുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടി ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com