യുവതിയെ നോക്കി ചുംബിക്കുന്നതായി ആംഗ്യം കാട്ടി; ഒരു വര്‍ഷം തടവുശിക്ഷ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th December 2019 01:23 PM  |  

Last Updated: 19th December 2019 01:26 PM  |   A+A-   |  

 

മുംബൈ: യുവതിക്ക് നേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച് അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ രണ്ടുപേര്‍ക്ക് ഒരു വര്‍ഷം തടവുശിക്ഷ. നാലുവര്‍ഷം മുന്‍പ് നടന്ന കേസിലാണ് മുംബൈയിലെ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. പ്രതികളായ 52 വയസ്സുകാരന്‍ സുനില്‍ സര്‍ഫെയര്‍, പ്രശാന്ത് ദാര്‍ജ് എന്നിവരോട് 500 രൂപ വീതം പിഴ ഒടുക്കാനും കോടതി ആവശ്യപ്പെട്ടു.

യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും ലൈംഗിക ചേഷ്ടകള്‍ കാണിച്ച് അപമാനിക്കാന്‍ ശ്രമിച്ചതുമാണ് കേസിന് ആധാരം. 2016ല്‍ മഹാരാഷ്ട്രയിലെ ചര്‍ച്ച് ഗേറ്റില്‍ നിന്ന് ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ കയറിയ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. മദ്യലഹരിയില്‍ അതേ കോച്ചില്‍ കയറിയ പ്രതികള്‍ യുവതിയെ തുടര്‍ച്ചയായി ശല്യം ചെയ്ത് അപമാനിക്കാന്‍ ശ്രമിച്ചു എന്ന് പൊലീസ് പറയുന്നു. 

'ആദ്യം പ്രതികള്‍ തുറിച്ചുനോക്കി. തുടര്‍ന്ന് യുവതിയുടെ സ്വകാര്യഭാഗങ്ങളിലേക്ക് വിരല്‍ ചൂണ്ടി അപമാനിക്കാന്‍ ശ്രമിച്ചു. ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചുംബിക്കുന്നതായി ആംഗ്യം കാണിക്കുകയും ചെയ്തു'- യുവതിയുടെ പരാതിയില്‍ പറയുന്നു. പ്രതികളുടെ പ്രവൃത്തിയില്‍ അസ്വസ്ഥയായ യുവതി വാതിലിന്റെ അരികില്‍ നില്‍ക്കാന്‍ തുടങ്ങി. യുവതിയെ പിന്തുടര്‍ന്ന് പ്രതികള്‍ അവരുടെ തൊട്ടടുത്ത് വന്നു നിന്നതായും പൊലീസ് പറയുന്നു. മുംബൈ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ ട്രെയിന്‍ എത്തുന്നത് വരെ ഇവരുടെ ആഭാസകരമായ പ്രവൃത്തി തുടര്‍ന്നതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് ട്രെയിന്‍ ഇറങ്ങിയ യുവതി, ഇവര്‍ തന്നെ പിന്തുടര്‍ന്നത് കണ്ട് പരിഭ്രാന്തിയിലായി. യുവതി ശബ്ദം ഉണ്ടാക്കി ആളെ വിളിച്ചുകൂട്ടി. മറ്റു യാത്രക്കാര്‍ ചേര്‍ന്ന് കൈകാര്യം ചെയ്തശേഷം പ്രതികളെ പൊലീസിന് കൈമാറുകയായിരുന്നു.