അമ്മ ഹിന്ദു, അച്ഛന്‍ ക്രിസ്ത്യാനി, വളര്‍ത്തിയത്‌ മുസ്ലീം; ഞാന്‍ ഒരു ഇന്ത്യക്കാരിയാണോയെന്ന് മതമാണോ തീരുമാനിക്കുക?; ആശങ്ക പങ്കുവെച്ച് ദിയ മിര്‍സ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th December 2019 11:37 AM  |  

Last Updated: 20th December 2019 11:37 AM  |   A+A-   |  

 

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം എല്ലാ തുറകളില്‍ നിന്നുമുളള പിന്തുണ ആര്‍ജിക്കുന്ന കാഴ്ചയാണ് രാജ്യത്ത് ദൃശ്യമാകുന്നത്. സിനിമ രംഗത്തുളള പ്രമുഖരെല്ലാം നിയമത്തിനെതിരായ നിലപാട് തുറന്നുപറഞ്ഞത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ, ബോളിവുഡ് നടി ദിയ മിര്‍സയുടെ ട്വീറ്റ് ചര്‍ച്ചയാകുകയാണ്.

സാമൂഹ്യമാധ്യമങ്ങളില്‍ തുടര്‍ച്ചയായി ഇടപെടുന്ന നടിമാരില്‍ ഒരാളാണ് ദിയ മിര്‍സ. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ദിയ മിര്‍സ ട്വിറ്ററില്‍ കുറിച്ച വരികള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. നിയമത്തെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവരാന്‍ ഈ ട്വീറ്റിന് സാധിച്ചു എന്നാണ് കമന്റുകളില്‍ നിന്ന് വ്യക്തമാകുന്നത്.

'എന്റെ അമ്മ ഒരു ഹിന്ദുവാണ്, ജൈവശാസ്ത്രപരമായി അച്ഛന്‍ ഒരു ക്രിസ്ത്യാനിയാണ്. എന്നെ ദത്തെടുത്തത് ഒരു മുസ്ലീമാണ്. എന്റെ ഔദ്യോഗിക രേഖകളില്‍ എല്ലാം മതത്തിന്റെ കോളം ഒഴിച്ചിട്ടിരിക്കുകയാണ്.  ഞാന്‍ ഒരു ഇന്ത്യക്കാരിയാണോയെന്ന് മതമാണോ തീരുമാനിക്കുക?, ഇത് ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല ' - ദിയ മിര്‍സയുടെ വാക്കുകള്‍ ഇങ്ങനെ. വണ്‍ ഇന്ത്യ എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ്.

ദിയ മിര്‍സയുടെ ട്വീറ്റിന് സമ്മിശ്രപ്രതികരണമാണ് കമന്റുകളായി ലഭിക്കുന്നത്. ഭയപ്പെടാനില്ല എന്ന് ഒരു വിഭാഗം പറയുമ്പോള്‍ ട്വീറ്റിലെ വരികള്‍ ഇഴകീറി പരിശോധിച്ച് പരിഹസിക്കുന്നവരും കൂട്ടത്തിലൂണ്ട്.