അവര്‍ 'മാരകായുധങ്ങളുമായി എത്തിയ ഗുണ്ടകള്‍' ; മംഗലാപുരത്തെ ആശുപത്രിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ച് ബിജെപി എംപി

അവര്‍ 'മാരകായുധങ്ങളുമായി എത്തിയ ഗുണ്ടകള്‍' ; മംഗലാപുരത്തെ ആശുപത്രിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ച് ബിജെപി എംപി

മാരകായുധങ്ങളുമായി ജേര്‍ണലിസ്റ്റുകളെന്ന പേരില്‍ 50 ഓളം പേര്‍ ആശുപത്രിയിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്ന് ശോഭ ആരോപിച്ചു

ബംഗലൂരു : മംഗലാപുരത്ത് വെന്റ്‌ലോക്ക് ആശുപത്രിയില്‍ മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയത് ഗുണ്ടകളെന്ന് ബിജെപി എംപി ശോഭ കരന്തലജെ. മാരകായുധങ്ങളുമായി ജേര്‍ണലിസ്റ്റുകളെന്ന പേരില്‍ 50 ഓളം പേര്‍ ആശുപത്രിയിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്ന് ശോഭ ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത കലാപമാണ് വെളിപ്പെട്ടതെന്നും ശോഭ കരന്തലജെ ട്വീറ്റിലൂടെ പറഞ്ഞു.

പൗരത്വ നിയമഭേദഗതിക്കെതിരെ കര്‍ണാടകയില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ഇന്നലെ രാത്രി മംഗലൂരുവില്‍ പ്രതിഷേധത്തിനിടെ രണ്ടുപേര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹം സൂക്ഷിച്ച വെന്റ്‌ലോക്ക് ാശുപത്രിക്ക് മുന്നില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ പൊലീസ് തടയുകയായിരുന്നു. മലയാളി മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവെക്കുകയും ക്യാമറകള്‍ പിടിച്ചുവാങ്ങുകയുമായിരുന്നു.

പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മംഗളൂരുവില്‍ അടക്കം കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മംഗളൂരുവില്‍ പ്രതിഷേധം അക്രമാസക്തമായതിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ എത്താനിടയുള്ള ടൗണ്‍ ഹാള്‍,  മൈസൂര്‍ ബാങ്ക് സര്‍ക്കിള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. വെടിവയ്്പിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തിലെ  നാലുജില്ലകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്.

ദക്ഷിണ കന്നഡ ജില്ലയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രാവിലെ തുറന്ന പെട്രോള്‍ പമ്പുകള്‍ ഉള്‍പ്പെടെ പൊലീസ് അടപ്പിച്ചു. കെഎസ്ആര്‍ടിസിയും കര്‍ണാടക ആര്‍ടിസിയും സര്‍വീസ് നടത്തുന്നില്ല. കാസര്‍കോട്ടുനിന്നുള്ള സ്വകാര്യബസുകള്‍ സംസ്ഥാന അതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ്. മംഗളൂരു ഉള്‍പെടുന്ന ദക്ഷിണ കന്നഡ ജില്ലയില്‍ 48 മണിക്കൂര്‍  മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിരോധിച്ചിരിക്കുകയാണ്. ബംഗളൂരു നഗരത്തിലടക്കം കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ നിരോധനാജ്ഞ തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com