ഡൽഹി ​ഗെയ്റ്റിൽ പ്രതിഷേധം അക്രമാസക്തം; ലാത്തിച്ചാർജ്, വാഹനങ്ങൾക്ക് തീയിട്ടു

പൗരത്വ നിയമ ഭേദ​​ഗതിക്കെതിരായ പ്രതിഷേധം ഡൽഹി ​​ഗെയ്റ്റിൽ അക്രമാസക്തമായി
ഡൽഹി ​ഗെയ്റ്റിൽ പ്രതിഷേധം അക്രമാസക്തം; ലാത്തിച്ചാർജ്, വാഹനങ്ങൾക്ക് തീയിട്ടു

ന്യൂഡൽഹി: പൗരത്വ നിയമ ഭേദ​​ഗതിക്കെതിരായ പ്രതിഷേധം ഡൽഹി ​​ഗെയ്റ്റിൽ അക്രമാസക്തമായി. സമാധാനപരമായി നടന്ന പ്രതിഷേധം പെട്ടെന്നാണ് അക്രമാസക്തമായത്. പ്രതിഷേധക്കാര്‍ കാറിന് തീയിട്ടു. പ്രതിഷേധക്കാര്‍ പിരിഞ്ഞു പോകാന്‍ തയ്യാറാകാതിരുന്നതിനെ തുടർന്ന് പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.  

പ്രതിഷേധക്കാർ പൊലീസിന് നേര‌െ കല്ലെറിഞ്ഞു. ആക്രമണങ്ങളില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സംഘർഷത്തിനിടെ മലയാളി മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റു. മാധ്യമ പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. സംഘർഷത്തിൽ നിരവധി വാഹനങ്ങളും തകർന്നു.

പ്രതിഷേധക്കാർ വൈകീട്ടോടെ ജുമാമസ്ജിദിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഉച്ചയോടെയാണ് ഇവിടെ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് പ്രതിഷേധം ശാന്തമായി. വൈകീട്ടോടെ പ്രതിഷേധം വീണ്ടും ശക്തമാകുകയായിരുന്നു. പിരിഞ്ഞു പോകണമെന്ന പള്ളിയില്‍ നിന്നുള്ള ആഹ്വാനത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതിഷേധക്കാര്‍ മടങ്ങിപ്പോയി. അതിനിടെ ഒരു വിഭാഗം വീണ്ടും തിരിച്ചെത്തുകയും അക്രമാസക്തമാകുകയുമായിരുന്നു.

അതിനിടെ ഡല്‍ഹി മെട്രോയുടെ 17 സ്‌റ്റേഷനുകള്‍ അടച്ചു. തിരക്കേറിയ രാജീവ് ചൗക്ക്, പ്രഗതി മൈതാന്‍, ഖാന്‍ മാര്‍ക്കറ്റ് സ്റ്റേഷനുകള്‍ അടക്കമുള്ളവയാണ് അടച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com