പ്രക്ഷോഭകര്‍ക്കു മുന്നില്‍ ദേശീയ ഗാനം പാടി പൊലീസ് കമ്മിഷണര്‍, ഏറ്റുപാടി സമരക്കാര്‍ (വിഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th December 2019 10:48 AM  |  

Last Updated: 20th December 2019 10:48 AM  |   A+A-   |  

 

ബംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യമെമ്പാടും ശക്തമാകുകയാണ്.  പ്രായഭേദമന്യേ വിദ്യാര്‍ത്ഥികളും കുട്ടികളും മുതിര്‍ന്നവരും പ്രതിഷേധവുമായി തെരുവിലിറങ്ങി. ലാത്തി ചാര്‍ജും കണ്ണീര്‍വാതകവും ഉപയോഗിച്ചാണ് പലയിടത്തും പ്രതിഷേധക്കാരെ പൊലീസ്  നേരിട്ടത്. ഇതില്‍ നിന്നെല്ലാം വേറിട്ട നിലപാട് സ്വീകരിച്ച് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ബംഗളൂരു ഡിസിപി ചേതന്‍ സിംഗ് റാത്തോര്‍.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നഗരത്തില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവരോട് ദേശീയ ഗാനം ആലപിച്ച് പിരിഞ്ഞുപോകാന്‍ ഡിസിപി ആവശ്യപ്പെട്ടു. പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയവരോട് സമാധാനപരമായി പിരിഞ്ഞു പോകാന്‍ ആവശ്യപ്പെടുന്ന ഡിസിപിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

ബംഗളൂരുവിലെ ടൗണ്‍ ഹാളിന് സമീപം ഒത്തുകൂടിയ പ്രതിഷേധക്കാരോടാണ് പിരിഞ്ഞുപോകാന്‍ ആദ്യം ആവശ്യപ്പെട്ടു. ഇതിന് ഇവര്‍ വിസമ്മതിച്ചു. തുടര്‍ന്ന് ദേശീയ ഗാനം മൈക്കിലൂടെ ഡിസിപി ആലപിച്ചു. ഇതോടെ എഴുന്നേറ്റ് നിന്ന ആദരം അര്‍പ്പിച്ച പ്രതിഷേധക്കാര്‍ ദേശീയ ഗാനം ഏറ്റുചൊല്ലുന്നതും പിന്നീട് പിരിഞ്ഞുപോകുന്നതുമാണ് ദൃശ്യങ്ങളിലുളളത്.

ജാതിക്കും മതത്തിനുമപ്പുറം നമ്മളെല്ലാവരും ഇന്ത്യക്കാരാണെന്നും എല്ലാവരും സമാധാനപരമായി പിരിഞ്ഞുപോകണമെന്നും പ്രതിഷേധക്കാരോട് ഡിസിപി ആവശ്യപ്പെട്ടു. പ്രക്ഷോഭം സാമൂഹ്യവിരുദ്ധര്‍ അവരുടെ സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടി മുതലെടുക്കുമെന്നും ഡിസിപി മുന്നറിയിപ്പ് നല്‍കി. പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അടുത്ത മൂന്ന് ദിവസത്തേക്ക് ബംഗളൂരുവില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.