സര്‍ക്കാര്‍ പിന്നോട്ട്? ; പൗരത്വ നിയമ ഭേദഗതിയില്‍ ചട്ട രൂപീകരണം വൈകിപ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം, റിപ്പോര്‍ട്ട്
By സമകാലിക മലയാളം ഡെസ്ക് | Published: 20th December 2019 10:14 AM |
Last Updated: 20th December 2019 10:15 AM | A+A A- |

മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് ഇന്നലെ നടന്ന പ്രതിഷേധം/പിടിഐ
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തമാവുന്നതിനിടെ നിയമം നടപ്പാക്കുന്നതു വൈകിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന നടത്തുന്നതായി റിപ്പോര്‍ട്ട്. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാറ്റിവച്ചിരിക്കുകയാണെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പൗരത്വ നിയമത്തിന്റെ ചട്ടങ്ങള്‍ രൂപീകരിക്കുന്നതു വൈകിപ്പിക്കാനും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതു സംബന്ധിച്ച് എല്ലാവരുമായും ചര്‍ച്ച നടത്താനുമാണ് ആഭ്യന്തര മന്ത്രാലയത്തില്‍ ആലോചനയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമം നടപ്പാക്കുന്നതില്‍നിന്നു പിന്നോട്ടില്ലെന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പ്രക്ഷോഭം എത്ര ശക്തമായാലും സര്‍ക്കാര്‍ നിയമം നടപ്പാക്കുമെന്ന് ഷാ പറഞ്ഞിരുന്നു. സമാനമായ അഭിപ്രായ പ്രകടനവുമായി ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയും ഇന്നലെ രഗംത്തവന്നു. നിയമം നടപ്പാക്കുക തന്നെ ചെയ്യുമെന്നായിരുന്നു നഡ്ഡയുടെ പ്രതികരണം.
എന്നാല്‍ പ്രക്ഷോഭം ശക്തമാവുന്ന സാഹചര്യത്തില്‍ തിടുക്കപ്പെട്ടു നടപടികള്‍ വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍ എന്നാണ് സൂചന. ചട്ടങ്ങള്‍ രൂപീകരിക്കുന്നതു വൈകിപ്പിക്കുന്നത് ഈ നിലപാടിന്റെ അടിസ്ഥാനത്തിലാണ്. ചട്ടങ്ങള്‍ രൂപീകരിച്ച് വിജ്ഞാപനം ചെയ്താലേ നിയമം നടപ്പാക്കുകയെന്ന ഘട്ടത്തില്‍ എത്തൂ. ഇക്കാര്യം സുപ്രീം കോടതിയിലും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. ചട്ടങ്ങള്‍ രൂപീകരിക്കുന്നത് ജാഗ്രതയോടെ മാത്രം മതിയെന്ന വിലയിരുത്തലാണ് ഇവര്‍ക്കുള്ളത്. ഭരണ നേതൃത്വത്തിലെ ഉന്നതരും ഇതിനോട് യോജിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.