പാക് അധീന കശ്മീര്‍ ഇല്ലാത്ത ഭൂപടവുമായി കോണ്‍ഗ്രസ് പോസ്റ്റര്‍, തരൂരിന്റെ ട്വീറ്റ് വിവാദത്തില്‍; തിരുത്ത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st December 2019 10:59 AM  |  

Last Updated: 21st December 2019 10:59 AM  |   A+A-   |  

tharoor_tweet-2

 

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പാക് അധീന കശ്മീര്‍ ഇല്ലാത്ത ഭൂപടം അടങ്ങിയ പോസ്റ്റര്‍ ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വിവാദത്തില്‍. കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച പരിപാടിയുടെ പോസ്റ്ററാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. ഇതിനെതിരെ ബിജെപി രംഗത്തുവന്നതോടെ തരൂര്‍ ട്വീറ്റ് പിന്‍വലിച്ചു.

പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി ഇന്നു സംഘടിപ്പിക്കുന്ന പരിപാടിയുടെ പോസ്റ്ററാണ് വിവാദത്തലായത്. ശശി തരൂരാണ് പരിപാടിയുടെ ഉദ്ഘാടകന്‍. ഇന്ത്യയെ വിഭജിക്കരുത് എന്ന എഴുതിയിട്ടുള്ള പോസ്റ്ററില്‍ ചേര്‍ത്തിട്ടുള്ളത് പാക് അധീന കശ്മീര്‍ ഇല്ലാത്ത ഭൂപടമാണ്. 

തരൂര്‍ പോസ്റ്റര്‍ ട്വീറ്റ് ചെയ്തതിനു പിന്നാലെ ബിജെപി നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തി. ഇത്തരം ഭൂപടം പ്രചരിപ്പിച്ച് ആരെയാണ് തരൂര്‍ പ്രീണിപ്പിക്കാന്‍ നോക്കുന്നതെന്ന ബിജെപി നേതാവ് അമിത് മാളവ്യ ചോദിച്ചു. ഇതാണോ കോണ്‍ഗ്രസ് ആഗ്രഹിക്കുന്ന ഇന്ത്യയെന്ന് സാംബിത പത്ര ട്വീറ്റില്‍ ചോദിച്ചു.

ഇന്ത്യന്‍ ഭൂവിഭാഗമല്ല, അതിന്റെ ജനതയെ കാണിക്കാനാണ് നേരത്തെയുള്ള ട്വീറ്റില്‍ ഉദ്ദേശിച്ചതെന്ന് ശശി തരൂര്‍ പ്രതികരിച്ചു. ബിജെപി ട്രോളുകള്‍ക്കുള്ള വക നല്‍കേണ്ടതില്ല എന്നതിനാല്‍ അതു മാറ്റുകയാണെന്നും തരൂര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.