പൗരത്വം തെളിയിക്കാന്‍ ആധാര്‍, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട് മതിയാവില്ല: ആഭ്യന്തര മന്ത്രാലയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st December 2019 12:07 PM  |  

Last Updated: 21st December 2019 12:07 PM  |   A+A-   |  

Aadhar-Card-Status

 

ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമ്പോള്‍ ആധാര്‍, വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവ പൗരത്വം തെളിയിക്കാനുള്ള രേഖയായി പരിഗണിക്കില്ലെന്നു റിപ്പോര്‍ട്ട്. ഇവ യാത്രാ രേഖകളോ ഇന്ത്യയില്‍ താമസിക്കുന്നു എന്നതിനുള്ള രേഖകളോ മാത്രമാണെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പൗരത്വം തെളിയിക്കുന്നതിനു വോട്ടര്‍ ഐഡി പോലെയുള്ള രേഖകള്‍ മതിയെന്നു വ്യക്തമാക്കി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. പൗരത്വം എങ്ങനെ തെളിയിക്കാം എന്നതു സംബന്ധിച്ച് പതിമൂന്നു കാര്യങ്ങളാണ്, വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട പോസ്റ്റില്‍ വിശദീകരിച്ചിരുന്നത്. വോട്ടര്‍ ഐഡി പോലെയുള്ള രേഖകള്‍ കാണിച്ച് പൗരത്വം തെളിയിക്കാമെന്നായിരുന്നു ഇതിലെ അവകാശവാദം. ഇതിന്റെ ആധികാരികത അറിയാനായി ബന്ധപ്പെട്ടപ്പോഴാണ്, വോട്ടര്‍ ഐഡി പൗരത്വ രേഖയായി കണക്കാക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആധാര്‍, പാസ്‌പോര്‍ട്ട് എന്നിവയും പൗരത്വം തെളിയിക്കാനുള്ള രേഖയായി കണക്കാക്കില്ല.

ജനന തീയതിയോ ജനന സ്ഥലമോ തെളിയിക്കുന്ന രേഖ കാണിച്ച് പൗരത്വം തെളിയിക്കാമെന്നാണ് ഇന്നലെ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. പൗരത്വം തെളിയിക്കുന്നതിനു സ്വീകാര്യമായ രേഖകളുടെ പട്ടിക തയാറാക്കുമെന്നും ജനങ്ങള്‍ക്കു പ്രയാസം കൂടാതെ തന്നെ ഹാജരാക്കാവുന്നവ ആയിരിക്കും ഇവയെന്നും ട്വീറ്റില്‍ പറയുന്നു.

രേഖകള്‍ ഇല്ലാത്ത നിരക്ഷരരായ പൗരന്മാര്‍ക്ക് സാക്ഷികളെയോ പ്രാദേശിക സമുദായത്തിന്റെ രേഖകളോ ഹാജരാക്കി പൗരത്വം തെളിയിക്കാനാവുമെന്നും ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിനായി ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനു നടപടികളെടുത്തു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിയമത്തിലെ 14-ാം വകുപ്പ് അനുസരിച്ച ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ വ്യവസ്ഥയുണ്ടെന്നും അവര്‍ പറഞ്ഞു.