കത്തിപ്പടര്‍ന്ന് പ്രതിഷേധം : യുപിയില്‍ മരണം 11 ആയി ; 21 ജില്ലകളില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം ; ബിഹാറില്‍ ബന്ദ്

മധ്യപ്രദേശിൽ 50 ജില്ലകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഗുജറാത്തിലും ഈ മാസം അവസാനംവരെ 144 പ്രഖ്യാപിച്ചു
കത്തിപ്പടര്‍ന്ന് പ്രതിഷേധം : യുപിയില്‍ മരണം 11 ആയി ; 21 ജില്ലകളില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം ; ബിഹാറില്‍ ബന്ദ്

ലക്‌നൗ :ദേശീയ പൗരത്വ നിയമഭേദ​ഗതിക്കെതിരെ ഉത്തര്‍പ്രദേശിലെ പ്രക്ഷോഭം അതിരൂക്ഷമാകുന്നു. യുപിയില്‍ പ്രതിഷേധപ്രകടനങ്ങള്‍ക്കിടെ മരിച്ചവരുടെ എണ്ണം 11 ആയി. മീററ്റില്‍ മൂന്നുപേരും ബിജ്‌നോറില്‍ രണ്ടുപേരും സാംബല്‍, ഫിറോസാബാദ്, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരും കൊല്ലപ്പെട്ടതായി യുപി ഡിജിപി ഒ പി സിങ് അറിയിച്ചു. വാരാണസിയില്‍ ഇന്നലെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജ്ജിനെ തുടര്‍ന്നുള്ള തിക്കിലും തിരക്കിലും പെട്ട് എട്ടുവയസ്സുള്ള കുട്ടി മരിച്ചു. അതേസമയം പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ രാജ്യത്താകെ മരിച്ചവരുടെ എണ്ണം 16 ആയി.

ഫിറോസാബാദില്‍ പൊലീസ് വെടിവെപ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. എന്നാല്‍ കൊല്ലപ്പെട്ട ഒരാളും പൊലീസ് വെടിവെപ്പ് മൂലമല്ലെന്ന് യുപി ഡിജിപി അവകാശപ്പെട്ടു. കല്ലേറിലും സംഘര്‍ഷങ്ങളിലും 50 പൊലീസുകാര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു. പ്രതിഷേധം രൂക്ഷമായതോടെ സംസ്ഥാനത്തെ 21 ജില്ലകളില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തി.  സംസ്ഥാനത്ത് 3305 പേരെ അറസ്റ്റ് ചെയ്യുകയും, 200 പേരെ കരുതല്‍ തടങ്കലില്‍ വെക്കുകയും ചെയ്തിരുന്നു.

മധ്യപ്രദേശിലും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം കനക്കുകയാണ്. ഇതേത്തുടര്‍ന്ന് 50 ജില്ലകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഗുജറാത്തിലും ഈ മാസം അവസാനംവരെ 144 പ്രഖ്യാപിച്ചു. ഡല്‍ഹി ജുമാ മസ്ജിദില്‍ നിന്ന് ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അറസ്റ്റ്.  ജുമാ മസ്ജിദില്‍ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ചന്ദ്രശേഖര്‍ ആസാദിനെ പിടികൂടാന്‍ പൊലീസ് കഴിഞ്ഞ ദിവസം ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല.

ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധം പുലര്‍ച്ചയും തുടര്‍ന്നു. പിടികൂടിയ 40 ഓളം പേരില്‍ എട്ടോളം കുട്ടികളുമുണ്ട്. ഇവരെ പൊലീസ് വിട്ടയച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് ബിഹാറില്‍ ആര്‍ജെഡിയുടെ നേതൃത്വത്തില്‍ ബന്ദ് ആചരിക്കുകയാണ്. ദേശീയ പാതയില്‍ ടയറുകള്‍ക്ക് തീയിട്ടും, കാളകളെ അണിനിരത്തിയും പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയാണ്. ഇടതുപാര്‍ട്ടികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com