പാകിസ്ഥാന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കി ?; ഏഴ് നാവികസേന ഉദ്യോഗസ്ഥര്‍ അടക്കം എട്ടുപേര്‍ ഓപ്പറേഷന്‍ 'ഡോള്‍ഫിന്‍സ് നോസി'ല്‍ കുടുങ്ങി

ദേശീയ അന്വേഷണ ഏജന്‍സി, സംസ്ഥാന പൊലീസിന്റെയും നേവി ഇന്റലിജന്‍സിന്റെയും സഹായത്തോടെയാണ് ഇവരെ പിടികൂടിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഹൈദരാബാദ് : പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് സൈനികരഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ ഏഴ് നാവികസേന ഉദ്യോഗസ്ഥര്‍ അടക്കം എട്ടുപേര്‍ അറസ്റ്റിലായി. ഏഴ് നേവി ഉദ്യോഗസ്ഥരും ഒരു ഹവാല ഓപ്പറേറ്ററുമാണ് പിടിയിലായത്. ദേശീയ അന്വേഷണ ഏജന്‍സി, സംസ്ഥാന പൊലീസിന്റെയും നേവി ഇന്റലിജന്‍സിന്റെയും സഹായത്തോടെയാണ് ഇവരെ പിടികൂടിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ പാകിസ്ഥാന് സൈനികരഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഒരു മാസം മുമ്പേ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഓപ്പറേഷന്‍ ഡോള്‍ഫിന്‍സ് നോസ് എന്ന പ്രത്യേക പദ്ധതിക്കും അന്വേഷണ സംഘം രൂപം നല്‍കിയിരുന്നു.

ഇവര്‍ നേവിയിലെ താഴ്ന്ന റാങ്കുകളിലെ ഉദ്യോഗസ്ഥരാണെന്നാണ് നാവിക സേന വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ നേവി കപ്പലുകളുടെ വിന്യാസം അടക്കമുള്ള തന്ത്രപരമായ വിവരങ്ങള്‍ കിട്ടാനിടയില്ലെന്നാണ് നാവികസേന അധികൃതരുടെ വിലയിരുത്തല്‍. എന്നാല്‍ ഇവര്‍ അനധികൃതമായി എന്തെങ്കിലും വിവരങ്ങള്‍ കൈക്കലാക്കിയിട്ടുണ്ടോ, അവ കൈമാറിയിട്ടുണ്ടോ തുടങ്ങിയവ അന്വേഷിക്കേണ്ടതുണ്ട്. അതിനാല്‍ സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്നും നാവിക സേന അധികൃതര്‍ സൂചിപ്പിച്ചു.

ഇന്ത്യന്‍ നേവിയുടെ കടല്‍ സഞ്ചാരപാതയുടെ വിവരങ്ങള്‍ അടക്കം ഇവര്‍ പാകിസ്ഥാന് കൈമാറിയിട്ടുണ്ടെന്നാണ് നേവിയുടെ വിലയിരുത്തല്‍. ഇവര്‍ക്ക് സര്‍ക്കാരിലെ ഏതാനും ഉദ്യോഗസ്ഥരും സഹായം ചെയ്തതായി അന്വേഷണസംഘം വിലയിരുത്തുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും അതിനാല്‍ ഈ ഘട്ടത്തില്‍ ഒന്നും വെളിപ്പെടുത്താനാകില്ലെന്നും ആന്ധ്രപ്രദേശ് ഡിജിപി ഗൗതം സവാങ് പറഞ്ഞു. പിടിയിലായവരെ കോടതി ജനുവരി മൂന്നുവരെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com