പൗരത്വ നിയമഭേദഗതി രാജ്യത്തെ ജനങ്ങളുടെ നല്ല ഭാവിക്ക് വേണ്ടി ; കോണ്‍ഗ്രസും അര്‍ബന്‍ നക്‌സലുകളും കള്ളം പ്രചരിപ്പിക്കുന്നുവെന്ന് മോദി

പൗരത്വ ഭേദഗതി മുസ്ലിങ്ങള്‍ അടക്കം രാജ്യത്തെ ഒരു പൗരനെയും ബാധിക്കില്ല.  ഇന്ത്യയിലെ മുസ്ലിങ്ങളെല്ലാം രാജ്യത്തിന്റെ മക്കളാണ്
പൗരത്വ നിയമഭേദഗതി രാജ്യത്തെ ജനങ്ങളുടെ നല്ല ഭാവിക്ക് വേണ്ടി ; കോണ്‍ഗ്രസും അര്‍ബന്‍ നക്‌സലുകളും കള്ളം പ്രചരിപ്പിക്കുന്നുവെന്ന് മോദി

ന്യൂഡല്‍ഹി : പൗരത്വ നിയമഭേദഗതി രാജ്യത്തെ ജനങ്ങളുടെ നല്ല ഭാവിക്ക് വേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  പൗരത്വ ഭേദഗതി അവശജനവിഭാഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ്. ആരുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കുക സര്‍ക്കാര്‍ ലക്ഷ്യമല്ല. നിയമം പാസ്സാക്കിയ പാര്‍ലമെന്റിനെ ആദരിക്കണം. പ്രതിഷേധിക്കുന്നവര്‍ വേണമെങ്കില്‍ തന്റെ കോലം കത്തിച്ചോളൂ. പൊതു മുതല്‍ നശിപ്പിക്കുന്നതെന്തിനാണ്. നിയമം പാസ്സാക്കിയ പാര്‍ലമെന്റിനെ ആദരിക്കണമെന്നും മോദി പറഞ്ഞു. ബിജെപി ഡല്‍ഹി രാംലീല മൈതാനത്ത് സംഘടിപ്പിച്ച വിശാല്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മതം നോക്കിയല്ല സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ക്ഷേമപദ്ധതികള്‍ നടപ്പിലാക്കിയപ്പോള്‍ സര്‍ക്കാര്‍ മതം ചോദിച്ചിട്ടില്ല. ജനങ്ങള്‍ക്ക് വീട് നല്‍കിയപ്പോഴും, അനധികൃത കോളനികള്‍ക്ക് രേഖകള്‍ നല്‍കിയപ്പോഴും മതം ചോദിച്ചിട്ടില്ല. മുസ്ലിം സഹോദരങ്ങളെ ചിലര്‍ കബളിപ്പിക്കുകയാണ്.  ചില രാഷ്ട്രീയപാര്‍ട്ടികള്‍ നുണ പ്രചരിപ്പിക്കുകയാണ്. പ്രകോപനപരമായ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. നുണ പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയണം. കള്ളപ്രചാരണങ്ങള്‍ വിലപ്പോകില്ല. ചില രാഷ്ട്രീയപാര്‍ട്ടികള്‍ അക്രമത്തിന് പ്രേരണ നല്‍കുകയാണെന്നും മോദി ആരോപിച്ചു.

പൗരത്വ ഭേദഗതിയിലൂടെ ജനങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നുവെന്ന് ചിലര്‍ കള്ളപ്രചരണം നടത്തുകയാണ്. പ്രതിഷേധക്കാര്‍ നഗരമാവോയിസ്റ്റുകളാണ്. തടങ്കല്‍ പാളയങ്ങളുണ്ടാക്കുമെന്ന് നുണ പ്രചാരണം നടത്തുന്നു. കോണ്‍ഗ്രസുകാരും അര്‍ബന്‍ മാവോയിസ്റ്റുകളുമാണ് കള്ളപ്രചാരണങ്ങള്‍ക്ക് പിന്നില്‍. പ്രക്ഷോഭങ്ങള്‍ക്ക് പിന്നിലുള്ളവരുടെ താല്‍പ്പര്യം രാജ്യം തിരിച്ചറിഞ്ഞു. പ്രതിപക്ഷം ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുകയാണ്. മോദിയെ വെറുത്തോളൂ, പക്ഷെ ഇന്ത്യയെ വെറുക്കരുതെന്നും മോദി പറഞ്ഞു.

പൗരത്വ ഭേദഗതി മുസ്ലിങ്ങള്‍ അടക്കം രാജ്യത്തെ ഒരു പൗരനെയും ബാധിക്കില്ല.  ഇന്ത്യയിലെ മുസ്ലിങ്ങളെല്ലാം രാജ്യത്തിന്റെ മക്കളാണ്. അവരെ ഒരു തരത്തിലും നിയമം ബാധിക്കില്ല. ഇന്ത്യയുടെ ശക്തി നാനാത്വത്തിലെ ഏകത്വമാണ്. പൗരത്വ നിയമഭേദഗതിയും പൗരത്വ പട്ടികയും തമ്മില്‍ ഒരു ബന്ധവുമില്ല. പൗരത്വ നിയമവും രജിസ്റ്ററും രാജ്യത്തെ ഒരു മുസ്ലിമിനെയും ബാധിക്കില്ല. പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമാക്കാന്‍ തീരുമാനിച്ചിട്ടില്ല.

പ്രതിഷേധത്തിന്റെ പേരില്‍ പൊലീസുകാരെ ആക്രമിക്കുകയാണ്. അവര്‍ നിങ്ങളെ നിങ്ങളെ സഹായിക്കാന്‍ വേണ്ടിയുള്ളവരാണ്. അവരെ ആക്രമിക്കരുത്. നിരവധി പൊലീസുകാര്‍ നമുക്ക് വേണ്ടി ജീവന്‍ വെടിഞ്ഞു. ഒരു പദ്ധതിയില്‍ എങ്കിലും താന്‍ ജാത-മത ഭേദം കാട്ടിയിട്ടുണ്ടെങ്കില്‍ തുറന്നുകാട്ടാനും മോദി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com