അടിതെറ്റി ബിജെപി ; ജാര്‍ഖണ്ഡില്‍ മഹാസഖ്യം കേവലഭൂരിപക്ഷത്തിലേക്ക് ; ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd December 2019 11:47 AM  |  

Last Updated: 23rd December 2019 11:47 AM  |   A+A-   |  

 

റാഞ്ചി : നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ജനവിധി ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. കോണ്‍ഗ്രസും ജെഎംഎം ഉള്‍പ്പെട്ട മഹാസഖ്യം കേവല ഭൂരിപക്ഷത്തിലേക്ക് മുന്നേറുകയാണ്. ആകെയുള്ള 81 സീറ്റില്‍ മഹാസഖ്യം 41 സീറ്റിലാണ് മുന്നിട്ടുനില്‍ക്കുന്നത്. ബിജെപിക്ക് 27 സീറ്റില്‍ മാത്രമാണ് ലീഡ് നേടാനായത്.

ഗോത്രമേഖലകളിലെല്ലാം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബിജെപിക്കൊപ്പം ഭരണത്തിലുണ്ടായിരുന്ന എജെഎസ് യുവിനും  ജനവിധി തിരിച്ചടിയായി. മുന്‍മുഖ്യമന്ത്രി ബാബുലാന്‍ മറാന്‍ഡിയുടെ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (ജെവിഎം) യ്ക്കും തിരിച്ചടി നേരിട്ടു. ജനവിധി അംഗീകരിക്കുന്നതായും, ഭാവി പരിപാടികള്‍ പിന്നീട് തീരുമാനിക്കുമെന്നും ബാബുലാല്‍ മറാന്‍ഡി പറഞ്ഞു.

അതേസമയം ജനവിധിയില്‍ കോണ്‍ഗ്രസ് ജെഎംഎം ക്യാമ്പുകളില്‍ ആഹ്ലാദപ്രകടനം തുടങ്ങിക്കഴിഞ്ഞു. ജെഎംഎം നേതാവ് ഹേമന്ത് സോറന്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് സഖ്യകക്ഷികളായ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. സോറന്‍ തന്നെയാണ് നേതാവെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവും പ്രഖ്യാപിച്ചിട്ടുണ്ട്.

മല്‍സരരംഗത്തുണ്ടായിരുന്ന പ്രമുഖരെല്ലാം ലീഡ് ചെയ്യുന്നുണ്ട്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഹേമന്ത് സോറന്‍ ബാര്‍ഹത്തില്‍ ലീഡ് ചെയ്യുകയാണ്. അതേസമയം ധുംകയില്‍ പിന്നിലാണ്. നിലവിലെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രഘുബര്‍ ദാസ് ജംഷഡ്പൂര്‍ ഈസ്റ്റിലും മുന്നിട്ട് നില്‍ക്കുന്നു. ധന്‍വറില്‍ ആദ്യഘട്ടത്തില്‍ പിന്നിലായിരുന്ന ജെവിഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ ബാബുലാല്‍ മറാന്‍ഡി ലീഡ് നേടി. അതേസമയം ചക്രധര്‍പൂര്‍ മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവ പിന്നിലാണ്.

ഭരണ സഖ്യകക്ഷിയായ എജെഎസ് യു നേതാവ് സുദേഷ് മെഹ്‌തോ സില്ലി മണ്ഡലത്തില്‍ ലീഡ് ചെയ്യുകയാണ്. ലോഹര്‍ദഹ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് രാമേശ്വര്‍ ഉദാവു മുന്നിലാണ്. അതേസമയം മന്ത്രിമാരായ നീര യാദവ് പിന്നിലാണ്. സീറ്റ് നിഷേധിച്ചതില്‍ ബിജെപി നേതൃത്വത്തോട് ഇടഞ്ഞ് മുഖ്യമന്ത്രി രഘുബര്‍ദാസിന് എതിരെ മല്‍സരിക്കുന്ന മുന്‍മന്ത്രി സരയു റായിയും പിന്നിലാണ്.

 സര്‍ക്കാര്‍ രൂപീകരണത്തിനായി കോണ്‍ഗ്രസ് തന്ത്രങ്ങള്‍ മെനഞ്ഞ് നീക്കങ്ങള്‍ ആരംഭിച്ചു. ബാബുലാല്‍ മറാന്‍ഡിയുടെ ജെവിഎമ്മിനെ കോണ്‍ഗ്രസ് ബന്ധപ്പെട്ടിട്ടുണ്ട്. ചിത്രം തെളിഞ്ഞാല്‍ ഉടന്‍ ഗവര്‍ണറെ കാണാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആര്‍പിഎന്‍ സിങിന് നിര്‍ദേശം നല്‍കി. തൂക്കുസഭയെന്ന എക്‌സിറ്റ്‌പോള്‍ ഫലം കണക്കിലെടുത്ത് അധികാരം നിലനിര്‍ത്താനുള്ള പോംവഴികളെക്കുറിച്ച് ബിജെപി ക്യാംപിലും ആലോചനകള്‍ നടക്കുന്നുണ്ട്.  

രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. സംസ്ഥാനത്തെ 81 നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ബിജെപി ഒറ്റയ്ക്ക് മല്‍സരിച്ചപ്പോള്‍, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും (ജെഎംഎം-43 സീറ്റില്‍) കോണ്‍ഗ്രസും (31) രാഷ്ട്രീയ ജനതാദളും (ആര്‍ജെഡി-7) മഹാസഖ്യമായാണ് ഇത്തവണ മത്സരിച്ചത്.