ഝാര്‍ഖണ്ഡില്‍ മഹാസഖ്യം അധികാരത്തിലേക്ക്, ഹേമന്ദ് സോറന്‍ മുഖ്യമന്ത്രിയാകും, രഘുബര്‍ ദാസിന് തോല്‍വി; ഗോത്രമേഖലയില്‍ ബിജെപിക്ക് തിരിച്ചടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd December 2019 06:35 PM  |  

Last Updated: 23rd December 2019 07:15 PM  |   A+A-   |  

 

റാഞ്ചി : ഝാര്‍ഖണ്ഡില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി ജെഎംഎം- കോണ്‍ഗ്രസ്- ആര്‍ജെഡി മഹാസഖ്യം അധികാരത്തിലേക്ക്.  സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുളള അവകാശവാദം ഉന്നയിച്ച് ജെഎംഎം നേതാവ് ഹേമന്ദ് സോറന്‍ ഇന്ന് ഗവര്‍ണറെ സന്ദര്‍ശിക്കും. 43 സീറ്റുകളില്‍ മത്സരിച്ച് 29 ഇടത്ത് വിജയിക്കുകയോ ലീഡ് ഉയര്‍ത്തുകയോ ചെയ്ത ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയാണ് ഏറ്റവും വലിയ നിയമസഭ കക്ഷി. അതേസമയം തെരഞ്ഞെടുപ്പില്‍ ബിജെപിയെ നയിച്ച മുഖ്യമന്ത്രി രഘുബര്‍ ദാസ് ജംഷഡ്പൂര്‍ ഈസ്റ്റില്‍ പതിനായിരം വോട്ടിന് പരാജയപ്പെട്ടു.

81 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് 41 സീറ്റുകളാണ് വേണ്ടത്. നിലവില്‍ 45ലധികം സീറ്റുകളില്‍ മഹാസഖ്യം ലീഡ് ഉയര്‍ത്തുകയാണ്.  തെരഞ്ഞെടുപ്പ് വിജയത്തില്‍ ജനങ്ങളോട് നന്ദി പറഞ്ഞ ഹേമന്ദ് സോറന്‍, മതം, തൊഴില്‍, തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുമെന്ന് ഉറപ്പുനല്‍കി. തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോല്‍വിയെ തന്റെ പരാജയമായാണ് കാണുന്നതെന്ന് രഘുബര്‍ദാസ് പറഞ്ഞു. സീറ്റ് നിഷേധിച്ചതില്‍ പാര്‍ട്ടിയോട് ഇടഞ്ഞ് വിമതനായി മല്‍സരിച്ച മുന്‍മന്ത്രി സരയൂ റോയാണ് രഘുബര്‍ദാസിനെ പരാജയപ്പെടുത്തിയത്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഹേമന്ത് സോറന്‍ ധുംകയിലും ബര്‍ഹത്തിലും വിജയിച്ചു.

ബിജെപിയോട് മുന്‍പ് സഹകരിച്ചിരുന്ന എജെഎസ്‌യു, ജെവിഎം എന്നി പാര്‍ട്ടികള്‍ക്കും കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലുണ്ടായത്. ജെവിഎം അഞ്ചിടത്ത് കാലിടറിയപ്പോള്‍, എജെഎസ്‌യുവിന് രണ്ട് സീറ്റുകള്‍ കുറഞ്ഞു.മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 12 സീറ്റുകളുടെ കുറവാണ് ബിജെപിക്ക് ഉണ്ടായിരിക്കുന്നത്. ഗോത്രമേഖലകളിലാണ് ബിജെപി ഏറ്റവുമധികം തിരിച്ചടി നേരിട്ടത്.

ഹേമന്ത് സോറന്റെ മുഖ്യമന്ത്രി കസേരയിലെ രണ്ടാമൂഴമാണിത്. 2013ല്‍ തന്റെ 38ാം വയസ്സിലാണ് അദ്ദേഹം ആദ്യം മുഖ്യമന്ത്രിപദത്തിലെത്തുന്നത്.പട്‌ന ഹൈസ്‌കൂളില്‍നിന്ന് ഇന്റര്‍മീഡിയേറ്റ് പൂര്‍ത്തിയാക്കിയ ഹേമന്ത് സോറന്‍ ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിന് ചേര്‍ന്നെങ്കിലും കോഴ്‌സ് പൂര്‍ത്തിയാക്കിയില്ല.

പിതാവും ജെഎംഎം നേതാവുമായ ഷിബു സോറന്റെ പാത പിന്തുടര്‍ന്ന് പിന്നീട് ഹേമന്ത് സോറനും ജാര്‍ഖണ്ഡ് രാഷ്ട്രീയത്തില്‍ സജീവമായി. 2009 ജൂണ്‍ മുതല്‍ 2010 ജനുവരി വരെ രാജ്യസഭാംഗമായിരുന്നു. 2010ല്‍ ബിജെപിയുടെ നേതൃത്വത്തില്‍ അര്‍ജുന്‍ മുണ്ട സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഹേമന്ത് സോറന്‍ ഉപമുഖ്യമന്ത്രിയായി. എന്നാല്‍ ജെഎംഎം പിന്തുണയോടെയുള്ള ബിജെപി സര്‍ക്കാരിന് അധികനാള്‍ ആയുസുണ്ടായില്ല.

2013 ജനുവരിയില്‍ ജെഎംഎം ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചു. ഇതോടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവില്‍വന്നു. പിന്നീട് ജൂലായ് 13ന് കോണ്‍ഗ്രസ്, ആര്‍ജെഡി പിന്തുണയോടെ ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. 38ാം വയസ്സില്‍ മുഖ്യമന്ത്രി പദത്തിലെത്തിയ അദ്ദേഹം രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയുമായിരുന്നു. പക്ഷേ, ഒന്നര വര്‍ഷത്തോളം മാത്രമേ ഹേമന്ത് സോറന്‍ സര്‍ക്കാരിന് നിലനില്‍പ്പുണ്ടായുള്ളൂ.