മുഖ്യമന്ത്രിയും പാര്‍ട്ടി പ്രസിഡന്റും തോല്‍വിയിലേക്ക് ?; 'ജയന്റ് കില്ലറാ'യി സരയൂ റായ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd December 2019 02:47 PM  |  

Last Updated: 23rd December 2019 02:47 PM  |   A+A-   |  

രഘുബര്‍ ദാസ്, സരയൂ റായ്‌

 

റാഞ്ചി : അധികാരം നഷ്ടമായ ബിജെപിക്ക് ജാര്‍ഖണ്ഡില്‍ കനത്ത തിരിച്ചടിയായി മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും  പരാജയത്തിലേക്ക്. ജംഷഡ്പൂര്‍ ഈസ്റ്റില്‍ മത്സരിച്ച മുഖ്യമന്ത്രി രഘുബര്‍ദാസ് 4600 ലേറെ വോട്ടുകള്‍ക്കാണ് പിന്നിലായത്. സീറ്റ് നിഷേധിച്ചതില്‍ പാര്‍ട്ടിയോട് ഇടഞ്ഞ് വിമതനായി മല്‍സരിച്ച മുന്‍മന്ത്രി സരയൂ റോയാണ് ഇവിടെ ലീഡ് ചെയ്യുന്നത്.

നിലവിലെ രഘുബര്‍ദാസ് മന്ത്രിസഭയില്‍ അംഗമായിരുന്നു സരയൂ റായ്. ഇത്തവണ സീറ്റ് നല്‍കാതിരുന്നതോടെയാണ് അദ്ദേഹം ഇടഞ്ഞത്. ജംഷഡ്പൂര്‍ ഈസ്റ്റ് മണ്ഡലത്തില്‍ 30,000 വോട്ടുകള്‍ക്ക് വിജയിക്കുമെന്നാണ് സരയൂ റായ് അഭിപ്രായപ്പെട്ടത്.

ചക്രധര്‍പുറില്‍ മത്സരിച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവയാണ് പരാജയം അഭിമുഖീകരിക്കുന്ന മറ്റൊരു പ്രമുഖന്‍. 8000 ത്തിലധികം വോട്ടുകള്‍ക്കാണ് സംസ്ഥാന അധ്യക്ഷന്‍ പിന്നിലായത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ ശശിബ്ഹുസന്‍ സമദാണ് ചക്രധര്‍പുറില്‍ ലീഡ് ചെയ്യുന്നത്.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഹേമന്ത് സോറന്‍ ധുംകയിലും ബര്‍ഹത്തിലും മുന്നിട്ടു നില്‍ക്കുകയാണ്. പിന്നിലായിരുന്ന ധുംകയില്‍ ഇപ്പോള്‍ സോറന്‍ 3000 ലേറെ വോട്ടിന് മുന്നിലെത്തി. 81 അംഗ സഭയില്‍ 41 സീറ്റ് നേടിയ കോണ്‍ഗ്രസ്-ജെഎംഎം മഹാസഖ്യം അധികാരത്തിലേറുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്.