എന്‍ആര്‍സി നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് ബിജെപി മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd December 2019 11:16 AM  |  

Last Updated: 23rd December 2019 11:16 AM  |   A+A-   |  

 

പനാജി:  ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) സംസ്ഥാനത്ത് നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ഗോവയിലെ ജനങ്ങള്‍ പേടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന്  മുഖ്യമന്ത്രിമാര്‍ക്ക് പറയാന്‍ പറ്റില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നതിന് പിന്നാലെയാണ് ഗോവ മുഖ്യമന്ത്രിയുടെ പ്രതികരണം. 

പോര്‍ച്ചുഗീസ് പൗരത്വം ഉള്ളവരെ നിയമം പ്രതികൂലമായി ബാധിക്കുമെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗോവ മുഖ്യമന്ത്രി. പോര്‍ച്ചുഗീസ് പൗരത്വമുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിലേക്ക് മാറണമെങ്കില്‍ നിലവില്‍ സംവിധാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗസറ്റ് നോട്ടിഫിക്കേഷന്‍ വായിച്ചതിന് ശേഷം എന്‍ആര്‍സിയെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

450വര്‍ഷം പോര്‍ച്ചുഗലിന്റെ കോളനിയായിരുന്ന ഗോവയില്‍ ഒരു വലിയ വിഭാഗത്തിന് പോര്‍ച്ചുഗല്‍ പൗരത്വമുണ്ട്. ദേശീയ പൗരത്വ നിയമഭേദഗതിയും എന്‍ആര്‍സിയും നടപ്പാക്കുമ്പോള്‍ ഇത് പ്രതികൂലമായി ബാധിക്കും എന്നാ ആശങ്ക ഗോവയില്‍ ശക്തമാണ്. 

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിമാര്‍ക്ക് പറയാന്‍ പറ്റില്ലെന്നും അത് സത്യപ്രതിജ്ഞയുടെ ലംഘനമാവുമെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംശയമുണ്ടെങ്കില്‍ സംസ്ഥാനങ്ങളിലെ നിയമവിദഗ്ധരോട് ചോദിക്കാനും അദ്ദേഹം പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ കേന്ദ്ര നിയമത്തെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു.