'നിങ്ങള്‍ കാരണം ഇത്രയും പേര്‍ ബുദ്ധിമുട്ടുന്നതില്‍ നാണക്കേട് തോന്നുന്നില്ലേ ?'; ബിജെപി എംപിയോട് രോഷാകുലരായി സഹയാത്രക്കാര്‍ (വീഡിയോ)

78 പേര്‍ക്കിരിക്കാവുന്ന വിമാനത്തിന്റെ ഒന്നാംനിരയിലെ സീറ്റാണ് പ്രജ്ഞ ബുക്ക് ചെയ്തിരുന്നത്
'നിങ്ങള്‍ കാരണം ഇത്രയും പേര്‍ ബുദ്ധിമുട്ടുന്നതില്‍ നാണക്കേട് തോന്നുന്നില്ലേ ?'; ബിജെപി എംപിയോട് രോഷാകുലരായി സഹയാത്രക്കാര്‍ (വീഡിയോ)

ന്യൂഡല്‍ഹി: ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍ എമര്‍ജന്‍സി സീറ്റില്‍ നിന്ന് മാറിയിരിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് വിമാനം വൈകിയതില്‍ പ്രതിഷേധിക്കുന്ന യാത്രക്കാരുടെ വീഡിയോ പുറത്ത്. പ്രജ്ഞ കടുംപിടുത്തം തുടര്‍ന്നതോടെ വിമാനം 45 മിനുട്ടാണ് വൈകിയത്. ഇതോടെയാണ് സഹയാത്രക്കാര്‍ പ്രജ്ഞയ്ക്ക് നേരെ രോഷപ്രകടനവുമായി എത്തിയത്. വീല്‍ചെയറിലാണ് പ്രജ്ഞ സിങ് വിമാനയാത്രക്കെത്തിയത്.

ശനിയാഴ്ചയാണ് ഡല്‍ഹിയില്‍നിന്ന് ഭോപ്പാലിലേക്ക് പ്രജ്ഞ യാത്ര ചെയ്തത്. 78 പേര്‍ക്കിരിക്കാവുന്ന സ്പൈസ് ജെറ്റ് വിമാനത്തിന്റെ ഒന്നാംനിരയിലെ സീറ്റാണ് പ്രജ്ഞ ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ അത് എമര്‍ജന്‍സി ഡോറിന് അടുത്തുള്ള സീറ്റായതിനാല്‍ വീല്‍ചെയറുകാര്‍ക്ക് അനുവദിക്കാറില്ല. ബുക്ക് ചെയ്ത സീറ്റിലേ ഇരിക്കൂവെന്ന് പ്രജ്ഞ വാശിപിടിച്ചതോടെയാണ് തര്‍ക്കമുണ്ടായത്.

മറ്റൊരിടത്തേക്ക് മാറിയിരിക്കാന്‍ വിമാനജീവനക്കാരും ചില യാത്രക്കാരും പ്രജ്ഞയോട് അഭ്യര്‍ഥിച്ചു. എന്നാല്‍ ബിജെപി എംപി തയ്യാറായില്ല. ഇതേച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. പ്രജ്ഞയെ ഒഴിവാക്കി യാത്ര ആരംഭിക്കാന്‍ ചില യാത്രക്കാര്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രതിനിധിയായ താങ്കളുടെ ജോലി ജനങ്ങളെ ബുദ്ധിമുട്ടിക്കലല്ല. 50ഓളം പേര്‍ താങ്കള്‍ കാരണം ബുദ്ധിമുട്ടുന്നതില്‍ താങ്കള്‍ക്ക് നാണക്കേട് തോന്നുന്നില്ലേ എന്നും യാത്രക്കാര്‍ ചോദിച്ചു.

ആരുടെയും സമയത്തിന് ഒരു വിലയുമില്ലേ. നിങ്ങളുടെ വിമാനത്തില്‍ തീരുമാനമെടുക്കേണ്ടത് നിങ്ങളല്ലേ എന്നും ചില യാത്രക്കാര്‍ വിമാനജീവനക്കാരോട് ചോദിച്ചു. തര്‍ക്കത്തിനൊടുവില്‍ ബിജെപി എംപി സീറ്റ് മാറിയിരിക്കാന്‍ തയ്യാറായപ്പോഴേക്കും 45 മിനിറ്റ് വൈകി. തനിക്ക് ബുക്കുചെയ്ത സീറ്റ് ലഭിച്ചില്ലെന്ന് പ്രജ്ഞ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സ്‌പൈസ്‌ജെറ്റ് ഞായറാഴ്ച വിശദീകരണം നല്‍കിയിരുന്നു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി പ്രജ്ഞാസിങ് രംഗത്തെത്തി. സ്‌പൈനല്‍കോഡിന് പരിക്കുള്ളതിനാലാണ് താന്‍ വീല്‍ചെയറില്‍ എത്തിയത്. എയര്‍ഹോസ്റ്റസും ഏതാനും യാത്രക്കാരും മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവിടെ എമര്‍ജന്‍സി ഡോര്‍ എന്ന് രേഖപ്പെടുത്തിയിട്ടില്ല. ഇത് നിയമം ആണെങ്കില്‍ റൂള്‍ബുക്ക് നല്‍കാന്‍ ആവശ്യപ്പെട്ടിട്ട് അതും നല്‍കിയില്ല. വിഐപി ആയല്ല, സാധാരണ യാത്രക്കാരിയായാണ് താന്‍ യാത്ര ചെയ്തത്. സംഭവത്തില്‍ പിന്നീട് ഭോപ്പാല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് പരാതി നല്‍കിയതായും പ്രജ്ഞ സിങ് ഠാക്കൂര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com