ബിജെപിക്ക് തിരിച്ചടി ; ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്-ജെഎംഎം മഹാസഖ്യത്തിന് മുന്നേറ്റം

ബിജെപിക്ക് തിരിച്ചടി ; ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്-ജെഎംഎം മഹാസഖ്യത്തിന് മുന്നേറ്റം

സംസ്ഥാനത്തെ 81 നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്

റാഞ്ചി : നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ആദ്യ ഫല സൂചനകള്‍ പ്രകാരം ഭരണകക്ഷിയായ ബിജെപിക്ക് ശക്തമായ തിരിച്ചടിയാണ്. കോണ്‍ഗ്രസ്, ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച എന്നിവയുടെ മഹാസഖ്യം വന്‍ മുന്നേറ്റം തുടരുകയാണ്. പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റ് പാസ്സാക്കിയതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലെ ജനവിധി ബിജെപിക്ക് നിര്‍ണ്ണായകമാണ്.

മല്‍സരരംഗത്തുണ്ടായിരുന്ന പ്രമുഖരെല്ലാം ലീഡ് ചെയ്യുന്നുണ്ട്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഹേമന്ത് സോറന്‍ ധുംകയിലും ഓര്‍ഹത്തിലും ലീഡ് ചെയ്യുകയാണ്. നിലവിലെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രഘുബര്‍ ദാസ് ജംഷഡ്പൂര്‍ ഈസ്റ്റിലും മുന്നിട്ട് നില്‍ക്കുന്നു. അതേസമയം ധന്‍വറില്‍ ജെവിഎം നേതാവ് മുൻമുഖ്യമന്ത്രി ബാബുലാല്‍ മറാന്‍ഡി പിന്നിലാണ്. ബിജെപി നേതാവ് ലക്ഷ്മണ്‍ ഗിലുവയും പിന്നിലാണ്.

രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. സംസ്ഥാനത്തെ 81 നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ബിജെപി ഒറ്റയ്ക്ക് മല്‍സരിച്ചപ്പോള്‍, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും (ജെഎംഎം-43 സീറ്റില്‍) കോണ്‍ഗ്രസും (31) രാഷ്ട്രീയ ജനതാദളും (ആര്‍ജെഡി-7) മഹാസഖ്യമായാണ് ഇത്തവണ മത്സരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com