നിലപാട് മാറ്റി യെദിയൂരപ്പ; അന്വേഷണം പൂര്‍ത്തിയാകട്ടെ; നഷ്ടപരിഹാരത്തുക പത്ത് ലക്ഷം ഇപ്പോള്‍ ഇല്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th December 2019 05:40 PM  |  

Last Updated: 25th December 2019 05:40 PM  |   A+A-   |  

yediruppa

 

ബംഗളൂരു: പൗരത്വഭേദതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷമേ കുടംബത്തിന് ധനസഹായം നല്‍കൂവെന്ന് യെദിയൂരപ്പ പറഞ്ഞു. 

മംഗളൂരുവിലെ അക്രമം ആസൂത്രിതമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ നിലപാട് മാറ്റം. 

പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ടാള്‍ കൊല്ലപ്പെട്ടിരുന്നു. ജലീല്‍ (49) നൗഷീന്‍ (23) എന്നിവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച മംഗളൂരുവിലെ ഇവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷമാണ് യെദിയൂരപ്പ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. 

എന്നാല്‍ ആക്രമണം ആസൂത്രിതമാണെന്ന രീതിയിലുള്ള പ്രചരണം വന്നതിന് പിന്നാലെ യെദിയൂരപ്പ ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. അക്രമം സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയായ ശേഷമേ നഷ്ടപരിഹാരം നല്‍കുകയുള്ളുവെന്നാണ് ഇന്ന് അദ്ദേഹം പറഞ്ഞത്. മജിസ്റ്റീരിയല്‍ അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

ഒരു സംഘം ആളുകള്‍ സിസിടിവി ക്യാമറകള്‍ തകര്‍ക്കുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.