'ജാതിമതില്‍' ഇടിഞ്ഞു വീണ് 17 പേര്‍ മരിച്ചിട്ടും നടപടിയില്ല; 3000 ദളിതര്‍ ഇസ്ലാം മതത്തിലേക്ക്

ശിവസുബ്രമണ്യന്‍ എന്നയാള്‍ സ്ഥാപിച്ച ജാതിമതില്‍ കനത്ത മഴയില്‍ പൊളിഞ്ഞ് വീണ് 17 പേരാണ് മരിച്ചത്
'ജാതിമതില്‍' ഇടിഞ്ഞു വീണ് 17 പേര്‍ മരിച്ചിട്ടും നടപടിയില്ല; 3000 ദളിതര്‍ ഇസ്ലാം മതത്തിലേക്ക്

കൊയമ്പത്തൂര്‍; മതില്‍ ഇടിഞ്ഞു വീണ് 17 പേര്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് 3000 ദളിതര്‍ ഇസ്ലാം മതത്തിലേക്ക് മാറുന്നു. ഹിന്ദു മതത്തിലെ ഉയര്‍ന്ന ജാതിക്കാരില്‍ നേരിടുന്ന രൂക്ഷമായ വിവേചനത്തില്‍ മനം മടുത്താണ് നടപടി. നാദൂര്‍ നിവാസികളായ തമിഴ് പുലിഗള്‍ കച്ചി പ്രവര്‍ത്തകരാണ് മതംമാറുമെന്ന് പ്രഖ്യാപിച്ചതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

തമിഴ് പുലിഗള്‍ കച്ചി മേട്ടുപാളയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ ഇവര്‍ തീരുമാനമെടുത്തത്. അടുത്ത വര്‍ഷം ജനുവരി അഞ്ചാം തീയതി ആദ്യ ഘട്ട മതംമാറ്റം നടക്കുന്നത്. 3000 പേര്‍ ഹിന്ദു മതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാന്‍ തയാറായിക്കഴിഞ്ഞു. 

ശിവസുബ്രമണ്യന്‍ എന്നയാള്‍ സ്ഥാപിച്ച ജാതിമതില്‍ കനത്ത മഴയില്‍ പൊളിഞ്ഞ് വീണ് 17 പേരാണ് മരിച്ചത്. അടുത്തു താമസിക്കുന്ന ദളിതരെ അകറ്റി നിര്‍ത്താന്‍ വേണ്ടിയാണ് ഇയാള്‍ മതില്‍ പണിതിരുന്നത്. ഈ മതിലിന് തൂണുകള്‍ പോലും ഉണ്ടായിരുന്നില്ല എന്നാണ് ഇവരുടെ ആരോപണം. ഇയാള്‍ക്കെതിരേ എസ്ടി, എസ്‌സി വകുപ്പുകള്‍ ചുമത്താന്‍ അവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. 

ദുരന്തം ഉണ്ടായതിന് പിന്നാലെ ശിവസുബ്രഹ്മണ്യത്തെ അറസ്റ്റു ചെയ്തിരുന്നെങ്കിലും 20 ദിവസത്തിന് ശേഷം അയാള്‍ക്ക് ജാമ്യം അനുവദിച്ചു. അതിനാലാണ് ശക്തമായ വകുപ്പുകള്‍ ഇയാള്‍ക്കു മേലെ ചുമത്തണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് തമിഴ്‌നാട് സര്‍ക്കാരിനെയും ഇവര്‍ സമീപിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഇതിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് അതിക്രമം ഉണ്ടാകുകയും ചെയ്തുവെന്നും തമിഴ് പുലിഗള്‍ കച്ചി സെക്രട്ടറി ഇളവേനില്‍ പറയുന്നു. 

മതംമാറ്റത്തിന്റെ ആദ്യഘട്ടമാണ് ജനുവരി അഞ്ചാം തീയതി നടക്കുക. 100 പേരാണ് അന്ന് ഇസ്‌ളാം മതം സ്വീകരിക്കുക. ശേഷം, മറ്റ് ജില്ലകളില്‍ നിന്നുമുള്ളവര്‍ ഘട്ടം ഘട്ടമായി ഇസ്‌ളാം മതത്തിലേക്ക് മാറും, ഇളവേനില്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com