എന്‍പിആറിന് ജനങ്ങള്‍ കള്ളപ്പേരും വ്യാജ മേല്‍വിലാസവും നല്‍കണം; അരുന്ധതി റോയ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th December 2019 08:57 AM  |  

Last Updated: 26th December 2019 08:57 AM  |   A+A-   |  

arundhathi

 

ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യ റജിസ്റ്ററിന്റെ (എന്‍പിആര്‍) കണക്കെടുപ്പില്‍ ജനങ്ങള്‍ തെറ്റായ വിവരങ്ങള്‍ നല്‍കണമെന്ന് എഴുത്തുകാരി അരുന്ധതി റോയ്. ഡല്‍ഹി സര്‍വകലാശാലയില്‍ നടന്ന പൗരത്വ പ്രതിഷേധ പരിപാടിക്കിടെയാണ് അരുന്ധതി റോയിയുടെ പ്രസ്താവന.

എന്‍ആര്‍സി നടപ്പാക്കാന്‍ എന്‍പിആറിലെ വിവരങ്ങള്‍ ഉപയോഗപ്പെടുത്തും. അതിനാല്‍ കള്ളപ്പേരും വ്യാജ മേല്‍വിലാസവും നല്‍കണമെന്ന് അരുന്ധതി റോയ് പറഞ്ഞു. 

അധികൃതര്‍ എന്‍പിആറിനായുള്ള വിവരങ്ങള്‍ തേടി വീടുകളിലെത്തുമ്പോള്‍ പേരുകള്‍ മാറ്റി പറയണം. രംഗ- ബില്ല, കുങ്ഫു- കട്ട ഇത്തരത്തിലുള്ള പേരുകളാണ് പറയേണ്ടത്. എന്‍ആര്‍സി ഇന്ത്യയിലെ മുസ്ലിങ്ങളെ ലക്ഷ്യമിട്ടാണ് നടപ്പാക്കാനൊരുങ്ങുന്നതെന്നും അവര്‍ പറഞ്ഞു. 

വിവര ശേഖരണത്തിനായി വീടുകളിലെത്തുന്ന അധികൃതര്‍ നിങ്ങളുടെ പേരും ഫോണ്‍ നമ്പറും ചോദിക്കും. ആധാര്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയും ആവശ്യപ്പെടും. എന്‍ആര്‍സി നടപ്പിലാക്കുന്നതിനായുള്ള ആദ്യ ചുവടാണ് ഈ എന്‍ആര്‍പിയെന്നും അവര്‍ വ്യക്തമാക്കി. 

പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പറയുകയാണെന്ന് അവര്‍ ആരോപിച്ചു. നമ്മള്‍ ഇവിടെ ജനിച്ചത് ലാത്തിയും ബുള്ളറ്റും നേരിടാനായിട്ടല്ലെന്നും അരുന്ധതി വ്യക്തമാക്കി.